ഇനി മറ്റൊരു ലോകത്ത് കാണാം; ഷഹാനയുടെ മുഖം നെഞ്ചോട് ചേർത്ത് പ്രണവ് മരണത്തിനു കീഴടങ്ങി
text_fieldsതൃശൂർ: ജീവനു തുല്യം സ്നേഹിച്ച ഷഹാനയെ തനിച്ചാക്കി പ്രണവ് മരണത്തിന് കീഴടങ്ങി. അപകടത്തിൽ ശരീരം തളർന്ന പ്രണവിന്റെയും ഒപ്പം ജീവിക്കാൻ തീരുമാനിച്ച ഷഹാനയുടെയും കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വെള്ളിയാഴ്ച രാവിലെ രക്തം ഛർദിച്ച് അവശനായ പ്രണവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷഹാനയുടെ മുഖം നെഞ്ചോടു ചേർത്തായിരുന്നു പ്രണവ് മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചത്.
എട്ടു വർഷം മുമ്പ് കൂട്ടുകാരനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയുണ്ടായ അപകടത്തിലാണ് പ്രണവ് നെഞ്ചിനു താഴേക്ക് തളർന്ന് കിടപ്പിലായത്. ബൈക്ക് സ്കിഡ് ആയി മതിലിൽ ഇടിച്ചതിനെ തുടർന്ന് വണ്ടിയുടെ പിറകിലിരുന്ന പ്രണവ് തെറിച്ച് അടുത്തുള്ള തെങ്ങിലിടിച്ച് നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ദിവസങ്ങളോളം വെൻറിലേറ്ററിൽ കഴിഞ്ഞ പ്രണവ് ഒടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തി. എന്നാൽ സ്പൈനൽ കോഡ് ഇഞ്ചുറി ആയതിനാൽ നെഞ്ചിന് താഴോട്ട് തളർന്നു പോയി. നാട്ടുകാരും വീട്ടുകാരും ഒപ്പംനിന്നു.
സമൂഹ മാധ്യമങ്ങളിലൂടെ പ്രണവിനെ കുറിച്ചറിഞ്ഞ തിരുവനന്തപുരം സ്വദേശിയായ ഷഹാന സുഹൃത്തായി. സൗഹൃദം പ്രണയത്തിലേക്കു മാറാൻ അധികകാലം വേണ്ടിവന്നില്ല. 2020 മാർച്ച് നാലിനായിരുന്നു ഒട്ടേറെ എതിർപ്പുകളെ മറികടന്ന് ഇവർ വിവാഹിതരായത്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

