'ജന്തർ മന്തർ അറ്റ് കൊച്ചി'; കൊച്ചിയിലെ പ്രതിഷേധത്തിൽ അണിചേരാൻ പ്രകാശ് രാജിന്റെ ആഹ്വാനം
text_fieldsകൊച്ചി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. നവംബർ ഏഴിന് കൊച്ചിയിൽ നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർഥികളും യുവാക്കളും സാമൂഹിക പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും പങ്കുചേരണമെന്ന് നടൻ പ്രകാശ് രാജ് ആഹ്വാനം ചെയ്തു. ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് ശബ്ദമുയർത്തേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.
എക്സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലൂടെയാണ് പ്രകാശ് രാജ് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്. സമാധാനപരമായി പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. സർക്കാറിനെയും തെരഞ്ഞെടുപ്പ് കമീഷനെയും വിമർശിച്ച താരം, ജനാധിപത്യത്തെ തകർക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
'ജന്തർ മന്തർ അറ്റ് കൊച്ചി' എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. കൊച്ചിയിലെ രാജേന്ദ്ര മൈതാനത്ത് വൈകീട്ട് നാലു മുതലാണ് പരിപാടി. കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, സൗത്ത് സോൺ ലീഡ് വിജയ് മല്ലംഗി, ദേശീയ സെക്രട്ടറി അഫ്രീൻ നവാസ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനും എസ്.ഐ.ആർ നടപടിക്കുമെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ച സി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിന് പിന്നാലെയാണ് കൊച്ചിയിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് അഭിജീത് ദിപ്കെ, ആശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നീട് ജന്തർ മന്തറിന്റെ വിജ്ഞാപനം പിൻവലിച്ച പ്രദേശത്തേക്ക് കടന്ന് ദേശീയ പതാക വീശി പ്രതിഷേധിച്ചതിനെ തുടർന്ന് സൗരവ് ദാസിനെയും ആശുതോഷ് റങ്കയെയും അറസ്റ്റ് ചെയ്തു. ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞ ഇവർ, വിജ്ഞാപനം പിൻവലിച്ച പ്രദേശത്ത് തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്ന ഉറപ്പ് നൽകിയ ശേഷമാണ് മോചിതരായത്. ഡൽഹിയിലെ പ്രതിഷേധത്തിനുണ്ടായ നടപടികൾക്കു പിന്നാലെ കൊച്ചിയിൽ നടക്കുന്ന പരിപാടിക്ക് ലഭിക്കുന്ന ജനപങ്കാളിത്തവും ശ്രദ്ധേയമാകും.

