പെരിയ ഇരട്ടക്കൊല: പ്രതികളുടെ റിമാൻഡ് നീട്ടി
text_fieldsകൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ റിമാൻഡ് നീട്ടി.
സി.ബി.ഐ അറസ്റ്റ് ചെയ്ത് കാക്കനാട് ജില്ല ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു, പാർട്ടി പ്രവർത്തകരായ സുരേന്ദ്രൻ എന്ന വിഷ്ണു സുര, മധു എന്ന ശാസ്ത മധു, റെജി വർഗീസ്, എ. ഹരിപ്രസാദ്, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒന്നുമുതൽ 11 വരെ പ്രതികളായ സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ. പീതാംബരൻ, സി.ജെ. സജി എന്ന സജി ജോർജ്, കെ.എം. സുരേഷ് , കെ. അനിൽകുമാർ, ജി. ഗിജിൻ, ആർ. ശ്രീരാഗ് എന്ന കുട്ടു, എ. അശ്വിൻ എന്ന അപ്പു, എ. സുബീഷ്, എം. മുരളി, ടി. രഞ്ജിത്, പ്രദീപ് എന്ന കുട്ടൻ എന്നിവരെയാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കുകൂടി റിമാൻഡ് ചെയ്തത്.
അതിനിടെ, കണ്ണൂർ ജയിലിൽ കഴിയുന്ന പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ ഹരജി 25ന് പരിഗണിക്കാൻ മാറ്റി. കാക്കനാട് ജയിലിൽ കഴിയുന്ന പ്രതികൾ തങ്ങളെ കണ്ണൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയും അന്ന് പരിഗണിക്കും. കഴിഞ്ഞ മാസമാണ് ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ അടക്കം 24 പ്രതികൾക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.
2019 ഫെബ്രുവരി 17ന് രാത്രിയാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷ് (21), ശരത്ലാല് (24) എന്നിവർ കൊല്ലപ്പെട്ടത്.

