ആനക്ക് കോഴിയെ പേടി; ക്ഷേത്രത്തിൽ ആനയില്ലാതെ കാഴ്ചശീവേലി
text_fieldsപഴയന്നൂർ: എഴുന്നള്ളിപ്പിനിടെ കോഴികളെ കണ്ട് ആന ഭയന്നതിനെ തുടർന്ന് ക്ഷേത്രത്തിൽ ആനയില്ലാതെ കാഴ്ചശീവേലി നടത്തി. പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച രണ്ടാം വിളക്ക് ദിനമായ ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലിക്കിടെയാണ് സംഭവം.
ക്ഷേത്രത്തിലെ കോഴികളെ കണ്ടാണ് ചിറ്റേപുറത്ത് ശ്രീക്കുട്ടൻ എന്ന ആന ഭയന്നത്. ഇതോടെ ഭക്തർ ചിതറിയോടി. ആന കോഴികളെ കണ്ട് എഴുന്നള്ളിപ്പിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് തുടർന്നതോടെ പിന്നീട് ആനയില്ലാതെ കാഴ്ചശീവേലി നടത്തുകയായിരുന്നു.
ആനയെ പിന്നീട് തിരിച്ചുകൊണ്ടുപോയി. മറ്റുക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായി ഭക്തർ വഴിപാടായി പൂവൻ കോഴികളെ ക്ഷേത്രത്തിൽ സമർപ്പിക്കും. ഇതിനാൽ കോഴി അമ്പലം എന്ന പേരിലും പഴയന്നൂർ ഭഗവതി ക്ഷേത്രം പ്രസിദ്ധമാണ്.

