Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയുടെ വിശ്വസ്തൻ, ബി.ജെ.പിയുടെ 'ട്രബിൾ ഷൂട്ടർ'; ആരാണ് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ?

text_fields
bookmark_border
മോദിയുടെ വിശ്വസ്തൻ, ബി.ജെ.പിയുടെ ട്രബിൾ ഷൂട്ടർ; ആരാണ് പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ?
cancel

തിരുവനന്തപുരം: മുതിർന്ന ബി.ജെ.പി നേതാവും സിക്കിം ഗവർണറുമായിരുന്ന ഓം പ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് നിയമനം പ്രഖ്യാപിച്ചത്. നിലവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായി നിയമിച്ചു. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിന്റെ ഭാഗമായാണ് മാഥൂറിന്റെ നിയമനം. ആർലേക്കറെ തമിഴ്‌നാട്ടിലേക്ക് മാറ്റിയ ഒഴിവിലേക്കാണ് മാഥൂർ കേരളത്തിലെത്തുന്നത്.

1952ൽ രാജസ്ഥാനിലെ പാലി ജില്ലയിലെ ബേഡൽ ഗ്രാമത്തിൽ ജനിച്ച ഓം പ്രകാശ് മാഥൂർ പതിറ്റാണ്ടുകളായി ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാണ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) പ്രചാരകനായാണ് അദ്ദേഹം പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിലെത്തിയ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഏകോപനത്തിലും ചുമതലകൾ വഹിച്ചു.

രാജസ്ഥാനിലെ സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് മാഥൂർ ബി.ജെ.പിയിൽ ശ്രദ്ധേയനായത്. രാജസ്ഥാൻ ബി.ജെ.പിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായും സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചു. പിന്നീട് ബി.ജെ.പി ദേശീയ സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും ദേശീയ ഉപാധ്യക്ഷനായും ചുമതല വഹിച്ചു. പാർട്ടിയുടെ ദേശീയ നിർവാഹക സമിതിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയിലും അംഗമായിരുന്നു.

2008 മുതൽ 2014 വരെയും 2016 മുതൽ 2022 വരെയും രാജ്യസഭാംഗമായി പ്രവർത്തിച്ചു. പാർലമെന്ററി ചുമതലകൾക്കൊപ്പം പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും അദ്ദേഹം പങ്കുവഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചുമതലകളും മാഥൂറിന് ലഭിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള നേതാവാണ് അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത രാഷ്ട്രീയ ബന്ധമുള്ള ബിജെപി നേതാക്കളിലൊരാളായാണ് മാഥൂർ വിലയിരുത്തപ്പെടുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തെ ബി.ജെ.പിയുടെ ചുമതലക്കാരനായി മാഥൂർ പ്രവർത്തിച്ചിട്ടുണ്ട്. 2004ൽ ബി.ജെ.പി ദേശീയ സെക്രട്ടറിയായിരിക്കെ ഗുജറാത്തിന്റെ സംഘടനാ ചുമതലയും ഏറ്റെടുത്തു. ഗുജറാത്ത് കലാപത്തിനു ശേഷമുള്ള കാലയളവിൽ സംസ്ഥാനത്തെ ബി.ജെ.പി സംഘടനാ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലകളിലും മാഥൂർ പങ്കാളിയായിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിനും മാഥൂറിനെ നിയോഗിച്ചിരുന്നു. പാർട്ടിക്കുള്ളിലെ സംഘടനാ പ്രതിസന്ധികളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്ന നേതാവെന്ന നിലയിൽ ചില മാധ്യമങ്ങൾ അദ്ദേഹത്തെ 'ട്രബിൾ ഷൂട്ടർ' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

2024 ജൂലൈയിൽ സിക്കിം ഗവർണറായി നിയമിതനായ മാഥൂർ ജൂലൈ 31നാണ് ചുമതലയേറ്റത്. രണ്ടുവർഷത്തിലേറെ ആ പദവിയിൽ പ്രവർത്തിച്ച ശേഷമാണ് കേരള ഗവർണറായി നിയമിതനായിരിക്കുന്നത്. 2025 നവംബറിൽ സിക്കിം രാജ്ഭവനിലെ ചെലവുകൾ, നിയമനങ്ങൾ, സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകൽ തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി മാഥൂറിനെതിരെ ആരോപണങ്ങൾ പ്രചരിച്ചിരുന്നു.

സിക്കിം ഗവർണർ പദവിയിൽനിന്ന് കേരളത്തിലേക്ക് മാഥൂർ എത്തുമ്പോൾ സംസ്ഥാന സർക്കാരും ലോക്ഭവനും തമ്മിലുള്ള ഭാവി ബന്ധം എങ്ങനെയായിരിക്കുമെന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. നയപ്രഖ്യാപന പ്രസംഗം, നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കൽ, സർവകലാശാലകളിലെ നിയമനങ്ങളും ഭരണവും തുടങ്ങിയ വിഷയങ്ങളിൽ കേരളത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ നേരത്തേ പലവട്ടം തർക്കങ്ങൾ ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ബി.ജെ.പിയുടെ ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ളതും പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് ഏകോപനത്തിലും ദീർഘകാല പരിചയമുള്ളതുമായ മാഥൂറിന്റെ നിലപാടുകൾ ശ്രദ്ധേയമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Senior BJP Leader Om Prakash Mathur Named Kerala Governor
Next Story