കൊച്ചി കപ്പൽശാലയിൽ എൻ.ഐ.എ പരിശോധന
text_fieldsകൊച്ചി: നിർണായക വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട കേസിൽ കൊച്ചി കപ്പൽശാലയിൽ എൻ.ഐ.എ പരിശോധന. കപ്പൽശാലയിലും ജീവനക്കാരുടെ ക്വാർട്ടേഴ്സിലുമാണ് ഹൈദരാബാദ് എൻ.ഐ.എ യൂനിറ്റിലെ ഉദ്യോഗസ്ഥർ വൈകീട്ട് വരെ പരിശോധന നടത്തിയത്.
ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കപ്പൽശാലയിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടനെ ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 മാർച്ച് ഒന്ന് മുതൽ ഡിസംബർ 19 വരെ പ്രതിരോധ കപ്പലുകൾക്കുള്ളിലെ ചിത്രങ്ങൾ അടക്കം ചില സുപ്രധാന വിവരങ്ങൾ ‘ഏഞ്ചൽ പായൽ’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് വഴി കൈമാറിയെന്നാണ് കേസ്.
നാവിക സേനക്കായി നിർമാണത്തിലിരുന്ന കപ്പലിൽ അതിക്രമിച്ച് കയറി ഇയാൾ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നത്രെ. വി.വി.ഐ.പികളുടെ സന്ദർശന വിവരങ്ങൾ, കപ്പലുകളുടെ വരവും നങ്കൂരമിടലും സംബന്ധിച്ച വിവരങ്ങൾ എന്നിവ ഫേസ്ബുക്ക് അക്കൗണ്ട് വഴി ചോർന്നെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു ബുധനാഴ്ചത്തെ പരിശോധന.

