നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴിയെടുക്കും
text_fieldsകൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ മാതാവ് നൂഹ സജീവിന്റെ മൊഴിയെടുക്കും. അപകടത്തിൽപ്പെട്ട മിനി കൂപ്പർ കാറിന്റെ ആർസി ഉടമയാണ് നൂഹ സജീവ്. ഇന്നോ നാളെയോ അന്വേഷണ സംഘം നൂഹയുടെ മൊഴിയെടുത്തേക്കും.
വാഹനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി ഇവരിൽ നിന്ന് തേടും. സുഹൈലിന്റെ പിറന്നാളിനാണ് വാഹനം വാങ്ങിക്കൊടുത്തതെന്ന് നൂഹ സമൂഹമാധ്യമത്തിലൂടെ മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം തേടിയേക്കും. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാനാവില്ലെന്നും സംരംഭകകൂടിയായ നൂറ സജീവ് പ്രതികരിച്ചിരുന്നു.
അപകടത്തിന് ശേഷമുള്ള നൂറയുടെ ആദ്യ പ്രതികരണമാണിത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് കഴിയുന്നത്ര പിന്തുണ നൽകുമെന്നാണ് സുഹൈലിന്റെ മാതാവ് പറയുന്നത്. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും നിരവധി അസത്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നുമാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ നൂറ സജീവ് വ്യക്തമാക്കിയത്.
അതേ സമയം സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. സുഹൈൽ ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ നീക്കം. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് വി.ഐ.പി റോഡിൽ നാടിനെ നടുക്കിയ ദുരന്തം നടന്നത്.
മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുതെറിപ്പിച്ചതിനെ തുടർന്ന് ദക്ഷിണ കന്നഡ സുളള്യ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.

