സിനിമ ദമ്പതികളുടെ സ്ഥാപനം ഫൈസൽ ഫരീദിൻെറ താവളം -എം.ടി. രമേശ്
text_fieldsകോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന് സിനിമാ മേഖലയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പുതുതലമുറ സംവിധായകരുമായും പഴയ തലമുറയിലെ ഒരു പ്രമുഖ സംവിധായകനുമായും ഫരീദിന് അടുത്ത ബന്ധമുണ്ട്.
ഇതേപ്പറ്റി അമ്മ അടക്കമുള്ള സിനിമ മേഖലയിലെ സംഘടനകള്‍ മറുപടി പറയണം. ചില സംവിധായകര്‍ ഫരീദിെൻറ ബിനാമികളാണെന്ന ആക്ഷേപവുമുണ്ട്. സമീപകാലത്ത് ഇറങ്ങിയ ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുന്ന സിനിമകള്‍, സംസ്ഥാനത്തെ ഒരു മന്ത്രിയെ പുകഴ്ത്തിയ സിനിമ എന്നിവയൊക്കെ സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ച് നിര്‍മിച്ചവയാണെന്ന് ആക്ഷേപമുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സിനിമ മേഖലയിലുള്ള ദമ്പതികളുടെ ഫോർട്ട് കൊച്ചിയിലുള്ള സ്ഥാപനം ഫൈസൽ ഫരീദിൻെറ താവളമാണെന്നാണ് പറയപ്പെടുന്നത്. സിനിമ മേഖലയിലുള്ള ചില ആളുകളുടെ നേതൃത്വത്തിൽ സി.എ.എ വിരുദ്ധ സമരം നടന്നിരുന്നു. അതിനുള്ള പണം നൽകിയത് ഫൈസലാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ഇന്ത്യവിരുദ്ധ നീക്കങ്ങൾക്ക് പണം ചെലവഴിച്ചത് ഇത്തരം കള്ളക്കടത്ത് സംഘങ്ങളാണ്. മലയാള സിനിമ മേഖല രാജ്യദ്രോഹത്തിൻെറയും അധോലോകത്തിൻെറയും കേന്ദ്രമായി മാറുകയാണ്. സിനിമ മേഖലയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുകയാണ്. ഇക്കാര്യം സർക്കാർ അന്വേഷിക്കണമെന്നും എം.ടി. രമേശ് പറഞ്ഞു.
