കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന; ലതിക സുഭാഷിനെ സ്വാഗതം ചെയ്ത് മന്ത്രി ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: മഹിള കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ എൻ.സി.പിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ.കെ. ശശീന്ദ്രൻ. കോൺഗ്രസിൽ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന എൻ.സി.പി നൽകുമെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൻ.സി.പിയിൽ ചേരുന്നതിന് മുന്നോടിയായി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻ.സി.പിയെന്ന് ലതിക സുഭാഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. സീനിയോറിറ്റിയും പ്രവൃത്തപരിചയം കണക്കിലെടുത്ത് മികച്ച പദവി ലതിക്ക് ലഭിക്കുമെന്നാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതിനെ തുടർന്നാണ് ലതിക സുഭാഷ് കോൺഗ്രസ് വിട്ടത്. കെ.പി.സി.സി ആസ്ഥാനത്ത് ലതിക തല മുണ്ഡനം ചെയ്തതും വിവാദമായിരുന്നു. തുടർന്ന് ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി അവർ 7624 വോട്ടുകൾ നേടുകയും ചെയ്തിരുന്നു.

