മനോരമ ന്യൂസ് -വി.വി.ആർ എക്സിറ്റ് പോൾ: യു.ഡി.എഫ് തരംഗം; ബി.ജെ.പിക്ക് പൂജ്യം
text_fieldsതിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്ന് മനോരമ ന്യൂസ് - വി.വി.ആർ എക്സിറ്റ് പോൾ ഫലം. യു.ഡി.എഫിന് വ്യക്തമായ ആധിപത്യം ഉറപ്പിച്ചുപറയുന്ന എക്സിറ്റ്പോളിൽ യു.ഡി.എഫിന് 16 മുതൽ 18 വരെയും എൽ.ഡി.എഫിന് രണ്ട് മുതൽ നാലു വരെയുമാണ് പ്രവചനം. കണ്ണൂർ, ആലത്തൂർ മണ്ഡലങ്ങളാണ് ഇടതു വലതു മുന്നണികൾക്ക് തുല്യവോട്ടുവിഹിതവുമായി എങ്ങോട്ടും മറിയാമെന്ന നിലയിലുള്ളത്.
സംസ്ഥാനം ഉറ്റുനോക്കിയ വടകരയിൽ കെ.കെ. ശൈലജ ജയിക്കും. ഒപ്പം എ. വിജയരാഘവൻ മത്സരിക്കുന്ന പാലക്കാടും എൽ.ഡി.എഫിന് ലഭിക്കും. തൃശൂരിൽ കെ. മുരളീധരൻ ഒന്നാമതും സുനിൽകുമാർ രണ്ടാമതും വരുമ്പോൾ സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം മാത്രം. തിരുവനന്തപുരത്ത് ശശി തരൂർ തന്നെ. രാജീവ് ചന്ദ്രശേഖർ രണ്ടാമതെത്തും. പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമ്പോൾ അനിൽ ആന്റണിക്കും പിന്നിൽ തോമസ് ഐസക് മൂന്നാമതാകുമെന്നുമാണ് ശ്രദ്ധേയ പ്രവചനം.
കാസർകോട്, വയനാട്, കോഴിക്കോട്, പൊന്നാനി, മലപ്പുറം, ചാലക്കുടി, ആലത്തൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, ആറ്റിങ്ങൽ, കൊല്ലം, കോട്ടയം, മാവേലിക്കര എന്നവയാണ് എക്സിറ്റ്പോൾ യു.ഡി.എഫിന് നൽകുന്ന മണ്ഡലങ്ങൾ.

