മല്ലു-ഹിന്ദു വാട്സ്ആപ് ഗ്രൂപ്: ഗോപാലകൃഷ്ണനെ രക്ഷിക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: ഹിന്ദു-മല്ലു വാട്സ്ആപ് ഗ്രൂപ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐ.എ.എസിനെ സംരക്ഷിച്ച് ചാര്‍ജ് മെമ്മോ. മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപ്പരാതി നൽകിയതും മുസ്ലിം ഐ.എ.എസ് ഗ്രൂപ് ഉണ്ടാക്കിയതും പരാമർശിക്കാതെയാണ് ചീഫ് സെക്രട്ടറി നൽകിയ കുറ്റപത്രം. ഗുരുതര കുറ്റങ്ങൾ നേര്‍പ്പിച്ച് നടപടി ലഘൂകരിക്കാൻ ആസൂത്രിത നീക്കമെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെടുകയാണ്.
വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ മല്ലു-ഹിന്ദു ഓഫിസേഴ്സ് ഗ്രൂപ്പുണ്ടാക്കി മണിക്കൂറുകൾക്കകം നീക്കി. ഇത് വിവാദമായതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും സൃഷ്ടിച്ചു. ഇതിനെതിരെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ നൽകിയ പരാതി സര്‍ക്കാറിന് മുന്നിലുണ്ട്.
വിവാദം കൈവിട്ടതോടെ ഫോൺ ഹാക്ക് ചെയ്തെന്ന് ഗോപാലകൃഷ്ണൻ പരാതി നൽകി. ഈ വാദം പൊലീസും മെറ്റയും ശാസ്ത്രീയ പരിശോധനയിൽ തള്ളി. സസ്പെൻഷനിൽ തുടരുന്ന ഗോപാലകൃഷ്ണനെതിരെ കടുത്ത നടപടിക്ക് വകുപ്പുണ്ടായിട്ടും ആഘാതം കുറയ്ക്കാൻ സാധ്യത തേടുകയാണ് സർക്കാർ.
ഉദ്യോഗസ്ഥര്‍ക്കിടയിൽ വിഭാഗീയത വളര്‍ത്താൻ ശ്രമിച്ചെന്ന കുറ്റമാണിപ്പോൾ ഗോപാലകൃഷ്ണനെതിരെ ഉള്ളത്. മുസ്ലിം ഗ്രൂപ്പുണ്ടാക്കിയതോ അതിനെതിനെതിരെ ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ സ്ക്രീൻ ഷോട്ടോ മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫോൺ ഹാക്ക് ചെയ്തെന്ന വ്യാജ പരാതി പൊലീസിന് നൽകിയതിലും ഗോപാലകൃഷ്ണനെതിരെ നടപടി നിര്‍ദേശമില്ല.

