എം.എ യൂസുഫലി രാത്രി രണ്ട് മണിക്ക് മെസേജയച്ചു: ‘അശ്വതിയുടെ 35 ലക്ഷം ലോൺ കുടിശ്ശിക അടച്ച് ഇന്ന് തന്നെ വീട് കൈമാറണം’; ലുലു ഗ്രൂപ്പ് പണമടച്ചു, വീട് ജപ്തി ഒഴിവായി
text_fieldsഅശ്വതിയും കുടുംബവും ഷെഡിന് മുന്നിൽ. എം.എ യൂസുഫലി
കണ്ണൂർ: ലോൺ കുടിശ്ശികയെ തുടർന്ന് വീട് ജപ്തിയിലായ മുൻ സംസ്ഥാന ത്രോബോൾ താരം അശ്വതിയുടെ കുടുബത്തിന് താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി. ബാങ്ക് ജപ്തി ചെയ്ത വീടിനോട് ചേർന്നുള്ള ഷെഡിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും രോഗികളായ കുടുംബാംഗങ്ങളെയും ചേർത്തുപിടിച്ച് ദുരിതജീവിതം നയിക്കുന്ന കുടുംബത്തിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസുഫലിയുടെ ഇടപെടൽ.
പലിശയും കൂട്ടുപലിശയും ഉൾപ്പെടെ 34,53,387 രൂപയുടെ വായ്പാ കുടിശ്ശിക മുഴുവനായും അദ്ദേഹം അടച്ചുതീർത്ത് വീടിന്റെ ജപ്തി ഒഴിവാക്കി. ബാങ്കിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നുതന്നെ വീട് കൈമാറുമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ നാളെ രാവിലെ തന്നെ ചാവി കൈമാറുമെന്നും ലുലുഗ്രൂപ്പ് മീഡിയ മാനേജർ എൻ.ബി സ്വരാജ് അറിയിച്ചു.
ഇന്നലെ രാത്രി ലണ്ടനിൽനിന്നുള്ള യാത്രക്കിടെയാണ് ഈ വാർത്ത യൂസുഫലിയുടെ ശ്രദ്ധയിൽപെട്ടതെന്ന് സ്വരാജ് പറഞ്ഞു. ‘വാർത്ത കണ്ടതിന് പിന്നാലെ, ബാങ്ക് ബാധ്യത തീർത്ത് ഇന്ന് തന്നെ ഇവരെ വീട്ടിൽ കയറ്റണമെന്ന് രാത്രി രണ്ടുമണിയോടെ വാട്സാപ്പിൽ സന്ദേശമയച്ചു. ഇന്ന് ഉച്ച കഴിഞ്ഞതോടെ ലോൺ കുടിശ്ശിക മുഴുവൻ യൂസുഫലി കൊടുത്തുതീർത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നുതന്നെ അവർക്ക് വീട്ടിൽ കയറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് കഴിഞ്ഞില്ലെങ്കിൽ നാളെ രാവിലെ തന്നെ ചാവി കൈമാറും’ -അദ്ദേഹം പറഞ്ഞു.
'ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് യൂസുഫലിയുടെ വാട്സാപ്പ് സന്ദേശമെത്തിയത്. അശ്വതിയുടെ ബാങ്ക് ബാധ്യത മുഴുവൻ തീർത്ത് ഇന്നുതന്നെ അവരെ വീട്ടിൽ കയറ്റണമെന്നായിരുന്നു നിർദേശം. ഇന്ന് ഉച്ച കഴിഞ്ഞതോടെ വായ്പാ കുടിശ്ശിക മുഴുവൻ അദ്ദേഹം അടച്ചുതീർത്തു. ബാങ്കിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നുതന്നെ കുടുംബത്തിന് വീട്ടിൽ കയറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് കഴിഞ്ഞില്ലെങ്കിൽ നാളെ രാവിലെ തന്നെ വീടിന്റെ താക്കോൽ കൈമാറും' -സ്വരാജ് അറിയിച്ചു.
ഏഴു വർഷത്തോളം കേരളത്തിനുവേണ്ടി ദേശീയ ത്രോബോൾ മത്സരങ്ങളിൽ തിളങ്ങിയ അശ്വതി, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാതെ ദുരിതത്തിലായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഭർതൃമാതാവ് സുനില ഭൂമിയുടെ പ്രമാണം പണയപ്പെടുത്തി ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് സായാഹ്നശാഖയിൽനിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ, വീടുപണി പൂർത്തിയാകുംമുമ്പേ കുടുംബത്തെ ദുരിതങ്ങൾ ഒന്നൊന്നായി വേട്ടയാടി.
ഭർതൃപിതാവ് തോമസ് വിഷം തീണ്ടി അബോധാവസ്ഥയിലായതും വൃക്കരോഗിയായ സുനിലക്ക് ജോലിക്ക് പോകാൻ കഴിയാതായതും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തു. ഇതിനിടെ ഭർത്താവ് നിതിൻ ജോലിസ്ഥലത്ത് വീണ് കാലൊടിഞ്ഞതോടെ വരുമാനമാർഗവും നിലച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷത്തിന്റെ കടം പലിശയും കൂട്ടുപലിശയും ചേർന്ന് 34 ലക്ഷത്തിലേറെയായി ഉയർന്നു. ഒടുവിൽ ബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു.
ജപ്തിക്കിടെ വീട്ടിലെ സാധനങ്ങൾ പോലും പുറത്തെടുക്കാൻ കഴിയാതിരുന്ന കുടുംബം വീടിനോട് ചേർന്നുള്ള ഒറ്റമുറി ഷെഡിലേക്കാണ് താമസം മാറ്റിയത്. ആറുപേർ കഴിയുന്ന ആ ഷെഡിൽ ആകെയുണ്ടായിരുന്നത് ഒരു കട്ടിൽ മാത്രമായിരുന്നു. ദിവസവും ഇൻസുലിൻ ഉപയോഗിക്കുന്ന സുനിലയുടെ മരുന്നുകൾ സൂക്ഷിക്കാനുള്ള ഫ്രിഡ്ജും കുഞ്ഞുങ്ങളുടെ ഭക്ഷണവും വസ്ത്രങ്ങളും ഉൾപ്പെടെ വീട്ടിനുള്ളിൽ കുടുങ്ങി. ആറുവയസ്സുകാരി ആകൃതക്കും രണ്ടുവയസ്സുകാരി ആമിയക്കും സുരക്ഷിതമായൊരു വീടെന്നത് അകന്നുപോകുന്ന സ്വപ്നമായി മാറി.
അടച്ചുറപ്പില്ലാത്ത ഷെഡിൽ രാത്രിയിൽ മാറിമാറി കാവൽ നിന്നായിരുന്നു കുടുംബം ഉറങ്ങിയിരുന്നത്. രോഗവും വിശപ്പും സാമ്പത്തിക പ്രതിസന്ധിയും ഒരുപോലെ വേട്ടയാടുമ്പോഴും രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയായിരുന്നു അശ്വതിയെ അലട്ടിയിരുന്നത്. സഹായം തേടി പലതവണ അധികാരികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നായിരുന്നു അശ്വതിയുടെ പരാതി.
35 സെന്റ് സ്ഥലവും വീടും ലേലം ചെയ്യാനുള്ള നടപടികളിലേക്ക് ബാങ്ക് കടന്നതോടെ ഷെഡിലെ അഭയവും നഷ്ടപ്പെടുമെന്ന ഭീതിയിലായിരുന്നു കുടുംബം. ഇതിനിടെയാണ് കുടുംബത്തിന്റെ ദുരിതകഥ യൂസുഫലിയുടെ ശ്രദ്ധയിൽപ്പെടുന്നതും ആശ്വാസകരമായ ഇടപെടലുണ്ടാകുന്നതും. കൺമുന്നിൽ അടഞ്ഞുപോയ സ്വന്തം വീടിന്റെ വാതിൽ വീണ്ടും തുറക്കുമ്പോൾ, രണ്ടു പിഞ്ചുകുഞ്ഞുങ്ങൾക്കും രോഗികളായ മാതാപിതാക്കൾക്കും സുരക്ഷിതമായൊരു മേൽക്കൂരയെന്ന സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ആറുമാസമായി കണ്ണീരിനും ആശങ്കകൾക്കും നടുവിൽ കഴിഞ്ഞ കുടുംബത്തിന് യൂസുഫലിയുടെ ഇടപെടൽ ആശ്വാസമായി മാറി.

