തെളിഞ്ഞ വെള്ളത്തിൽ താമര വിരിയില്ല -എം.വി. ശ്രേയാംസ് കുമാർ
text_fieldsകോഴിക്കോട്: തെളിഞ്ഞ വെള്ളത്തിൽ താമര വിരിയില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ഇലക്ഷൻ എക്സ്ചേഞ്ച്’ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെളിഞ്ഞ വെള്ളത്തിൽ വർഗീയത കലക്കി വിജയിക്കാമെന്ന മോഹമാണ് ബി.ജെ.പിക്ക്. ഭരണത്തുടർച്ചയിൽ ഭയം പൂണ്ട പ്രധാനമന്ത്രി വർഗീയ വിഷം ചീറ്റുകയാണ്. പച്ചയായ വർഗീയത പറയുന്ന പ്രധാനമന്ത്രി ജനാധിപത്യത്തെ ബലികൊടുക്കുകയാണ്. മോദി സർക്കാർ തെറ്റായ ചരിത്രമാണ് സൃഷ്ടിക്കുന്നത്. രാജ്യം മൂന്നാം സാമ്പത്തിക ശക്തിയായി മാറുമെന്ന് പറയുന്നത് അസംബന്ധമാണ്.
രാജ്യം ഒരുപിടി സമ്പന്നരുടേത് മാത്രമായി മാറുകയാണ്. പ്രതിശീർഷ വരുമാനത്തിൽ 195 രാജ്യങ്ങളിൽ 143ാം സ്ഥാനത്താണ് ഇന്ത്യ. ജനസംഖ്യയുടെ താഴെത്തട്ടിലുള്ള 50 ശതമാനം ആളുകൾ സമ്പത്തിന്റെ മൂന്നുശതമാനം മാത്രം കൈകാര്യം ചെയ്യുകയാണ്. സമ്പന്നരായ 21 പേരുടെ കൈവശമുള്ള സമ്പത്ത് താഴെത്തട്ടിലുള്ള 70 കോടി ജനങ്ങളുടെ കൈവശം ഉള്ളതിനേക്കാൾ കൂടുതലാണ്. കാർഷിക വരുമാനം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
കാർഷിക വായ്പ എഴുതിത്തള്ളുമെന്ന വാഗ്ദാനത്തിൽനിന്ന് സർക്കാർ പിന്മാറി. ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111ാം സ്ഥാനത്താെണന്നും അദ്ദേഹം പറഞ്ഞു.

