ചെലവഴിക്കുന്നത് കോടികൾ: മാറ്റമില്ലാതെ ആദിവാസി ജീവിതം
text_fieldsആദിവാസി കോളനിയിലെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച വീടുകളിലൊന്ന്
വെള്ളമുണ്ട: ആദിവാസി ക്ഷേമത്തിനായി കോടികൾ ചെലവഴിക്കുമ്പോഴും ചോരുന്ന കൂരയിലെ ആദിവാസി ജീവിതങ്ങൾക്ക് മാത്രം മാറ്റമില്ല. ചാറ്റൽമഴ പെയ്താൽ പോലും കിടന്നുറങ്ങാനാവാത്ത കൂരകളിലാണ് പല കുടുംബങ്ങളുടെയും താമസം.
വെള്ളമുണ്ട പഞ്ചായത്തിലെ ഉണ്ടാടി കോളനി, വാളാരംകുന്ന് കോളനി, മംഗലശ്ശേരി കോളനി, തൊണ്ടർനാട് കുഞ്ഞോം കോളനി, പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുര ഡാമിനരികിലെ കോളനികൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആദിവാസി കുടുംബങ്ങളുടെ ദുരിതജീവിതം കാണാം.
ഡാം നിർമാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളടക്കമുള്ളവർ രണ്ടു പതിറ്റാണ്ടിനുശേഷവും പുനരധിവാസ ഭൂമിയിൽ ദുരിത ജീവിതം നയിക്കുന്നത്. പണിയ വിഭാഗത്തിന്റെ കോളനികളിലാണ് ആദിവാസികൾ പ്ലാസ്റ്റിക് ഷെഡുകളിൽ താമസിക്കുന്നത്.
വയോധികരും കൈക്കുഞ്ഞുങ്ങളുമടക്കം ഇവിടെയാണ് അന്തിയുറങ്ങുന്നത്. കാറ്റടിച്ചാൽ പറന്നു പോകുന്ന കൂരകളിൽ നാലും അഞ്ചും ജീവിതങ്ങളുണ്ട്. പുതുതായി നിർമിച്ച വീടുകൾ പോലും വാസയോഗ്യമല്ലെന്ന് ആദിവാസികൾ പറയുന്നു. വാസയോഗ്യമല്ലാത്ത കുടിലുകളിൽ വിദ്യാർഥികളുടെ പഠനവും അവതാളത്തിലാണ്. വനമേഖലകളോട് ചേർന്ന ഭാഗങ്ങളിലും മലമുകളിലും താമസിക്കുന്നവർ മഴ ശക്തമാകുന്നതോടെ കൂര വിട്ട് ബന്ധുവീടുകളിൽ അഭയം തേടുകയാണ് പതിവ്.

