മീനങ്ങാടി ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്; നടപടിയെടുക്കാതെ ഭരണസമിതി
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിങ് സജീവമായിട്ടും നടപടിയെടുക്കാതെ പഞ്ചായത്ത് ഭരണസമിതി. കാർ, ബൈക്ക്, മറ്റു സ്വകാര്യ വാഹനങ്ങൾ എന്നിങ്ങനെയാണ് പാർക്കിങ് ഏരിയയിലും പ്രവേശന റോഡിലും നിർത്തിയിടുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ഈ അവസ്ഥയുണ്ട്. ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന ഭാഗത്താണ് കാറുകൾ നിർത്തിയിടുന്നത്. ഇത് ബസുകളുടെ സുഗമമായ സഞ്ചാരത്തിനും തടസ്സമുണ്ടാക്കുന്നുണ്ട്.
ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്ക് പോകുന്ന ഭാഗത്താണ് പൊലീസ് കേസിൽപെട്ട വാഹനങ്ങളുടെ പാർക്കിങ്. പാർക്കിങ് ഏരിയയിൽ ഓരോ ഭാഗത്തേക്കുള്ള ബസുകൾക്ക് പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എല്ലായിടത്തും ബസുകൾ നിർത്തിയിട്ടിട്ടുമുണ്ടാവും. ഇതിനു മുന്നിൽ കൂടിയാണ് കൽപറ്റ-സുൽത്താൻ ബത്തേരി റൂട്ടിലെ ബസുകൾ വന്നുപോകുന്നത്. ബസുകളുടെ സുഗമമായ സഞ്ചാരത്തിന് പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

