മുത്തങ്ങയിൽ സ്വിഫ്റ്റ് ബസിൽനിന്ന് രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടി
text_fieldsrepresentational image
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് രേഖകളില്ലാത്ത നിലയിൽ 40 ലക്ഷം രൂപ എക്സൈസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിലെ ജീവനക്കാരുടെ ലഗേജ് ബോക്സിൽ നിന്നാണ് പണം കണ്ടെടുത്തത്. പണം ആരുടെതാണന്ന് കണ്ടെത്തിയിട്ടില്ല.
കണ്ടെടുത്ത പണം തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ചിന് കൈമാറി. 500 രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി പ്രിവന്റിവ് ഓഫിസർ പി.കെ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. അഖിൽ, ടി.പി. മാനുവൽ ജിംസൻ എന്നിവർ പങ്കെടുത്തു.

