സമൂഹ മാധ്യമങ്ങളിൽ വൈറലായ മോഷ്ടാക്കൾ പൊലീസ് വലയിൽ
text_fieldsശിവകുമാർ വിഷ്ണുമൂർത്തി
പനമരം: പനമരത്തും പരിസര പ്രദേശങ്ങളിലും കറങ്ങിനടന്ന് മോഷണം നടത്തുകയും നിരവധി വീടുകളിൽ നിന്ന് ഭക്ഷണം എടുത്ത് കഴിക്കുകയും ചെയ്യുന്ന മോഷ്ടാക്കളെ പൊലീസ് പിടികൂടി. പനമരം കരിമ്പുമ്മൽ ബാഗമംഗളം വീട്ടിൽ ശിവകുമാർ, പനമരം മാതൂരിൽ ക്വാട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന വിഷ്ണുമൂർത്തി എന്നിവരെയാണു പനമരം പൊലീസ് തൊണ്ടിസാധനങ്ങളടക്കം പിടികൂടിയത്.
പനമരത്തും പരിസരത്തും ഇവർ കറങ്ങിനടക്കുന്നുണ്ടെന്നും വീടുകളിൽ കയറി ഭക്ഷണം എടുത്ത് കഴിക്കുന്നുണ്ടെന്നുമുള്ള വോയിസ് ക്ലിപ്പുകളും ഇവരുടെ ഫോട്ടോകളും ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളിൽൽ പ്രചരിച്ചിരുന്നു.
അഞ്ചുകുന്ന് ഡോക്ടർ പടിക്കൽ സിദ്ദീഖിന്റെ വീട്ടിൽ സൂക്ഷിച്ച ചെമ്പ് കമ്പികൾ അടക്കം 75000 രൂപയുടെ സാധനങ്ങളാണു ഇവർ കവർന്നത്. സ്ത്രീപീഡനക്കേസിലും മറ്റു കവർച്ച കേസുകളിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മാനന്തവാടി ഡിവൈ.എസ്.പിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പനമരം എസ്.ഐ ഇ.കെ. അബൂബക്കർ, എ.എസ്.ഐ വിനോദ്, എസ്.സി.പി.ഒ അബ്ദുൽ അസീസ്, വിനീത് ആൽബിൻ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികള പിടികൂടിയത്.

