ചിറക്കരയിലെ കടുവയെ പിടികൂടാനായില്ല; നാട്ടുകാർ ഭീതിയിൽ
text_fieldsമാനന്തവാടി: ദിവസങ്ങളായി നഗരസഭ പരിധിയിലെ ചിറക്കരയിലും സമീപ പ്രദേശങ്ങളിലും ഭീതിവിതച്ച കടുവയെ കൂട്ടിലാക്കാനായില്ല. പ്രദേശവാസികൾ ഭീതിയോടെയാണ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. കടുവയെ പിടികൂടുന്നതിനായി ഞായറാഴ്ച വൈകീട്ട് കൂട് സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പശുക്കിടാവിനെ ആക്രമിച്ച് കൊന്ന സ്ഥലത്ത്നിന്ന് അല്പം മാറിയാണ് കൂട് സ്ഥാപിച്ചത്.
കടുവക്കായി സ്ഥാപിച്ച കൂട്ടിലുള്ള മാംസം ഭക്ഷിക്കാന്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തിയത് കടുവ ദൗത്യത്തിന് വെല്ലുവിളിയായി. അതിനാൽ, നിലവില്‍ പകല്‍ സമയങ്ങളില്‍ കൂട് അടച്ചിടുകയാണ്. രാത്രി മാത്രമാണ് കടുവക്കായി കൂട് തുറന്നുവെച്ചത്. ചൊവ്വാഴ്ച വൈകീട്ടോടെ പശുവിന്റെ ജഡം മാറ്റി ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്.
പ്രദേശത്ത് വനംവകുപ്പ് ആര്.ആര്.ടി സംഘവും തലപ്പുഴ ഡിവിഷനിലെ വനപാലകരും ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടിന് സമീപത്തായി രണ്ട് കാമറകളും കടുവ സഞ്ചരിച്ച വഴികളുടെ ഇരുഭാഗത്തും ഓരോ കാമറയും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി ചിറക്കരയിലും പരിസര പ്രദേശങ്ങളിലും കടുവ ശല്യം രൂക്ഷമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ എട്ടു മാസം പ്രായമുള്ള പശുക്കിടാവിനെ കടുവ അക്രമിച്ച് കൊന്നിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച കാമറകള്‍ പരിശോധിച്ചപ്പോൾ ഏകദേശം 10 വയസ്സ് പ്രായമുള്ള കടുവയുടെ ദൃശ്യം ലഭിച്ചു. തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തുകയും നാട്ടുകാരുടെ ആവശ്യപ്രകാരം പ്രദേശത്ത് കൂട് സ്ഥാപിക്കുകയും ചെയ്തത്. ഉടൻതന്നെ കടുവ കൂട്ടിലാകുമെന്നാണ് വനംവകുപ്പിന്റെയും നാട്ടുകാരുടേയും പ്രതീക്ഷ.

