പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചയാൾ അറസ്റ്റിൽ
text_fieldsപ്രമോദ്
മാനന്തവാടി: ആറാട്ടുത്സവം നടക്കുന്ന വള്ളിയൂർക്കാവിലെ എക്സിബിഷൻ സ്റ്റാൾ പരിസരത്തുവെച്ച് പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. കാസർകോട് ചാമാടിക്കുന്ന് ഗാന്ധിപുരം ശാസ്തമംഗലത്ത് ഹൗസിൽ എസ്.സി. പ്രമോദിനെ (39) ആണ് മാനന്തവാടി എസ്.ഐ കെ.കെ. സോബിൻ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വള്ളിയൂർക്കാവ് പ്രദർശന നഗരിയിൽ കച്ചവടത്തിനെത്തിയതായിരുന്നു പ്രമോദ്. ഉത്സവാഘോഷക്കമ്മിറ്റി ഭാരവാഹിയെ മർദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന പൊലീസുകാർക്ക് നേരെയാണ് ഇയാൾ തിരിഞ്ഞത്. പൊലീസുകാരെ അസഭ്യം പറഞ്ഞ പ്രമോദ് അവരെ മർദിക്കുകയും ചെയ്തു.
ആറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത്. പ്രമോദിനെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.

