ചുരത്തിൽ അപകടകരമായി കാറോടിച്ചവർ പിടിയിൽ
text_fieldsകൽപറ്റ: ചുരത്തിലൂടെ അപകടകരമായ രീതിയിൽ കാറിന്റെ ഡോറിൽ ഇരുന്ന് ഓടിച്ച ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി. ലക്കിടിയിലാണ് കാർ പിടികൂടി 1000 രൂപ പിഴയിട്ടത്. താമരശ്ശേരി ഹൈവേ പൊലീസ് എസ്.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പിഴചുമത്തിയത്. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു ചുരത്തിലൂടെയുള്ള യുവാക്കളുടെ അപകടകരമായ രീതിയിലുള്ള കാർ യാത്ര. കാറിന്റെ വലതുവശത്തെ ഡോറിന്റെ മുകളിൽ ഇരുന്ന് റൂഫ് ടോപ്പ് തുറന്ന് നിൽക്കുന്നവരുമായി സംസാരിച്ചായിരുന്നു യാത്ര. കോഴിക്കോട് ഭാഗത്ത് നിന്നു വന്ന തമിഴ്നാട് രജിസ്ട്രേഷൻ കാറിലെ യാത്രക്കാരാണ് ദേശീയ പാതയിൽ പുതുപ്പാടി മുതൽ ലക്കിടി വരെ യാത്ര ചെയ്തത്. ഇവരുടെ യാത്ര അറിഞ്ഞ ഹൈവേ പൊലിസ് ലക്കിടിയിൽ പിടികൂടുകയായിരുന്നു.

