വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകരായി കനിവ് ആംബുലൻസ് ജീവനക്കാർ
text_fieldsആംബുലൻസ് പൈലറ്റ് പി.വി. നിജീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബെറിൽ ഗിൽബെർട് എന്നിവർ
കൽപറ്റ: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മീനങ്ങാടി അപ്പാട് പഞ്ചമി കോളനിയിലെ 24 കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് പി.വി. നിജീഷ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബെറിൽ ഗിൽബെർട് എന്നിവർ ഉടൻ കോളനിയിൽ എത്തി. തുടർന്ന് ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

