വനം വകുപ്പിലെ ബന്ധുനിയമന; വിവാദം പുകയുന്നു
text_fieldsകല്‍പറ്റ: വനം വകുപ്പിലെ ബന്ധുനിയമനത്തിൽ മുന്നണിയിൽ വിവാദം പുകയുന്നു. ഭരണാനുകൂല പാര്‍ട്ടി നേതാവിന്റെ ബന്ധുവിന് താത്കാലിക നിയമനം നൽകിയതിൽ ഉൾപ്പെടെ മുന്നണിയിൽ പ്രതിഷേധമുയരുന്നുണ്ട്. മുന്നണിയുടെ വേണ്ടപ്പെട്ട ജീവനക്കാരെ പോലും ഭരണാനുകൂല പാര്‍ട്ടി ജില്ല നേതാവ് സ്ഥലംമാറ്റുന്നതിനെതിരെ കോൺഗ്രസിൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധമുണ്ട്. ഇദ്ദേഹത്തിന്റെ അമിതമായി ഇടപെടലിൽ വനം വകുപ്പ് ജീവനക്കാർക്കിടയിലും പ്രതിഷേധം രൂക്ഷമാണ്.
ഡേറ്റാ കംപൈലര്‍ തസ്തികയിലാണ് ബന്ധു നിയമനം നടന്നത്. വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയുടെ വയനാട് ജില്ല ഭാരവാഹിയുടെ ബന്ധുവിനെയാണ് സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫിസില്‍ നിയമിച്ചത്. ഭൂപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട രേഖകളും കേസുകളും മറ്റും കൈകാര്യം ചെയ്യുകയാണ് ഇവരുടെ ജോലിയെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. നിയമപരിജ്ഞാനം ആവശ്യമായ വിഷയം കൈകാര്യം ചെയ്യേണ്ടിവരുന്ന തസ്തികയിലാണ് താല്‍കാലിക നിയമനം നടത്തിയിരിക്കുന്നതെന്നും എന്നാൽ അത്തരം യോഗ്യതയില്ലാതെയാണ് നിയമനമെന്നും ഒരുവിഭാഗം ആരോപിക്കുന്നു.
നിലവില്‍ ഗവ. പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഫോറസ്റ്റ് ട്രിബ്യൂണലിലെ വനം വകുപ്പ് പ്ലീഡര്‍ എന്നിവരാണ് കേസുകളില്‍ നിയമോപദേശം നല്‍കുന്നത്. ഇതൊഴിവാക്കി ഡി.എഫ്.ഒ ഓഫിസുകളില്‍തന്നെ ലീഗല്‍ അഡ്വൈസര്‍മാരെ നിയമിക്കണമെന്ന് നേരത്തെ ആവശ്യം ഉയർന്നിരുന്നെങ്കിലും നടപ്പിലായിട്ടില്ല. വകുപ്പില്‍ തന്നെ സര്‍വിസിലുള്ള നിയമപരിജ്ഞാനമുള്ളവരെ ഉപയോഗപ്പെടുത്തിയാണ് കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും മറ്റും ഇപ്പോൾ തയാറാക്കുന്നത്. നിരവധി നിയമപ്രശ്നങ്ങളും കേസുകളുമുള്ള സൗത്ത് വയനാട് ഡി.എഫ്.ഒ ഓഫിസില്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന നിയമ ബിരുദമുള്ള ക്ലര്‍ക്ക് സ്ഥലംമാറ്റം ലഭിച്ച ഒഴിവിലാണ് നിലവില്‍ ബന്ധുനിയമനം നടന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ല ഭാരവാഹി എന്ന നിലയില്‍ വലിയതോതില്‍ വനം വകുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതായി മുന്നണിയിലെ നേതാക്കൾ പരാതി ഉന്നയിക്കുന്നുണ്ട്. ഇടത് അനുഭാവിയായ ജീവനക്കാരനില്‍നിന്ന് പണം വാങ്ങി കോണ്‍ഗ്രസ് അനുഭാവിയായ ജീവനക്കാരനെ വരെ സ്ഥലംമാറ്റിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടർന്ന് ജില്ല നേതൃത്വം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇത്തരം അമിതമായ ഇടപെടലുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.

