നീരൊഴുക്ക് ശക്തമായി; നെയ്യാർഡാമിന്റെ ഷട്ടറുകൾ തുറന്നു
text_fieldsമാസങ്ങളുടെ ഇടവേളക്കുശേഷം നെയ്യാര്‍ഡാം ഞായറാഴ്ച തുറന്നപ്പോള്‍
നെയ്യാർഡാം: രണ്ട് ദിവസമായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ നെയ്യാര്‍ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെതുടര്‍ന്ന് നാല് ഷട്ടറുകളും ഞായറാഴ്ച രാവിലെ 11 ഓടെ 20 സെൻറിമീറ്റർ വീതം തുറന്നു.
ജലനിരപ്പ് 83.25 മീറ്ററിനോടടുത്ത സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നതെന്ന് നെയ്യാര്‍ഡാം ഇറിഗേഷന്‍ എൻജിനീയര്‍ അറിയിച്ചു. രാവിലെ 83.43 മീറ്റർ ആയിരുന്ന ജലനിരപ്പ് നിലവിൽ 83.47 മീറ്ററാണ്. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 84.75 മീറ്ററാണ്. ഞായറാഴ്ച രാത്രിയും മഴ തുടർന്നാൽ ഷട്ടറുകൾ കുറച്ചുകൂടി ഉയർത്തേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
നെയ്യാർ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളായ ആര്യങ്കോട്, മാറനല്ലൂർ, മാരായമുട്ടം, നെയ്യാറ്റിൻകര, കാഞ്ഞിരംകുളം, പാറശ്ശാല, പൊഴിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ നെയ്യാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

