വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
text_fieldsവലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ തമിഴ്നാട് സ്വദേശിനിയെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. സേലം ഗംഗാവലി തമ്മാംപെട്ടി ഗാന്ധിനഗർ ദര്‍ഗ സ്ട്രീറ്റില്‍ ആബ്ദുൽ ഖാദറിന്റെ ഭാര്യ ജെറീന അബ്ദുൽ ഖാദറെ (38) ആണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അബൂദബിയിലേക്ക് യാത്ര ചെയ്യാനാണ് ഇവർ എത്തിയത്.
ഇവര്‍ മാര്‍ച്ച് 29ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തി കൊച്ചിയില്‍ നിന്നു യാത്രതിരിക്കാന്‍ തയാറാകവേ എമിഗ്രേഷന്‍ അധികൃതര്‍ പാസ്പോര്‍ട്ടും വിസയും ഓഫ്ലോഡ് ചെയ്ത സമയം പിടിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പാസ്പോര്ട്ടില് പതിച്ച സ്റ്റാമ്പ് മായിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം അധികൃതര്‍ ഇവരെ വലിയതുറ പൊലീസിന് കൈമാറി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

