നേതാജിപുരത്ത് തെരുവ് നായ് ശല്യം, ആറ് ആടുകളെ കടിച്ചുകൊന്നു
text_fields(പ്രതീകാത്മക ചിത്രം)
പോത്തൻകോട്: പോത്തൻകോട് നേതാജിപുരത്ത് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചുകൊന്നു. നേതാജിപുരം തസ്നി മൻസിലിൽ ഷാഫിയുടെ അഞ്ച് ആണാടുകളെയും കെന്നഡി ഇനത്തിലെ ഒരു ഗർഭിണിയായ ആടിനെയുമാണ് തെരുവുനായ്ക്കൾ കടിച്ച് കൊന്നത്.
വെളുപ്പിന് മൂന്ന് മണിക്ക് പശുവിനെ കറക്കുന്നതിന് ഷാഫി എഴുന്നേറ്റ സമയത്ത് തൊഴുത്തിന് സമീപം നായ്ക്കൾ ഓടുന്നത് കണ്ടു. ഓടിക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടത്തോടെ ഷാഫിയെ ആക്രമിക്കാനെത്തി. പിന്നീട് ഷാഫി നോക്കുമ്പോഴാണ് തൊഴുത്തിലുണ്ടായിരുന്ന ആറ് ആടുകളെ കടിച്ച് കൊന്നിട്ടിരിക്കുന്നത് കണ്ടത്.
ചുറ്റുമതിൽ ചാടിയെത്തിയ പന്ത്രണ്ടോളം തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തിയാണ് ആക്രമണം നടത്തിയത്. കുറച്ച് ദിവസം മുമ്പ് അയൽവാസികളായ ഭുവനചന്ദ്രന്റെയും ബുധനാഴ്ച ഷറഫുദ്ദീന്റെ ആടുകളെ നായ്ക്കൾ കടിച്ച് കൊന്നിരുന്നു. ഉച്ചയോടെ മൃഗഡോക്ടർമാരെത്തി പോസ്റ്റ്മോർട്ടത്തിനുശേഷം ആടുകളെ കുഴിച്ചുമൂടി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷാഫി പറഞ്ഞു.

