ബിവറേജസ് ഔട്ട്‌ലെറ്റിൽ ഗുണ്ടാ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
പാലോട്: ബിവറേജസ് ഔട്ട്‌ലെറ്റിൽ ഗുണ്ടാ ആക്രമണം നടത്തിയ രണ്ടുപേർ പിടിയിൽ. പാലോട് പാണ്ട്യൻപാറ ഔട്ട്‌ലെറ്റിലാണ് മദ്യം വാങ്ങാനെത്തിയവർ അക്രമം നടത്തിയത്. പാലോട് ആലമ്പാറ തോട്ടരികത്ത് ആര്യ ഭവനിൽ റെമോ എന്ന അരുൺ (24), പാലോട് കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ അഖിൽ. എസ്. സുനിൽ (24) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങാനെത്തിയ ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഉള്ളിൽ കടന്ന് വനിതാ ജീവനക്കാരികൾ ഉൾപ്പെടെയുള്ളവരെ ദേഹോപദ്രവമേൽപിച്ച് പരിക്കേൽപിക്കുകയും ചെയ്തു. പ്രതികൾ പാലോട് പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിൽ പ്രതികളായിരുന്നു. ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ടവരും കാപ്പ പ്രകാരമുള്ള കരുതൽ തടങ്കൽ പ്രകാരം ശിക്ഷ നടപടികൾ നേരിട്ടിട്ടുള്ളവരുമാണെന്ന് പൊലീസ് അറിയിച്ചു.
പാലോട് ഇൻസ്‌പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ എസ്. ഐ മാരായ നിസാറുദീൻ, റഹിം.എ, എസ്.ഐ അൽ അമാൻ, സി.പി.ഒ രജിത് രാജ് എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

