സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടിനു നേരെ ആക്രമണം
text_fieldsഅക്രമിസംഘം വീടിന്റെ
ജനാലചില്ലുകൾ അടിച്ചു
തകർത്ത നിലയിൽ
നേമം: ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്ത സി.പി.എം പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. പെരുകാവ് ലോക്കൽ കമ്മിറ്റിയംഗവും കോളച്ചിറ ബ്രാഞ്ച് സെക്രട്ടറിയുമായ സി. എസ്. ശരത്തിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഏഴു ബൈക്കുകളിലായി എത്തിയ 14 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വീടിന്റെ ജനലുകളും വാതിലുകളും തകർന്നു. ശബ്ദം കേട്ട് അയൽവാസികൾ വന്നതോടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.
ഒരാഴ്ച മുൻപ് കോളച്ചിറ കൊമ്പേറ്റി തോടിനു സമീപത്തെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെതുടർന്നാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞെത്തിയ പോലീസ് ആക്രമിസംഘം ഉപേക്ഷിച്ചു പോയ മൂന്നു ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. വീട്ടുകാരുടെ പരാതിയിൽ മലയിൻകീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

