മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണം; നിരവധിപേർക്ക് കടിയേറ്റു
text_fieldsപേപ്പട്ടിയുടെ ആക്രമണത്തിൽ ഗോവിന്ദമംഗലം സ്വദേശി പുഷ്പകുമാറിെൻറ കൈക്ക് പരിക്കേറ്റ നിലയിൽ
നേമം: മലയിൻകീഴിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ഗോവിന്ദമംഗലം പെട്രോൾ പമ്പിലെ ജീവനക്കാരനും ഗോവിന്ദമംഗലം സ്വദേശിയുമായ പുഷ്പകുമാർ (52), പെരുമന കട്ടറക്കുഴി സ്വദേശി ഷെർളിയുടെ മകൻ സെലിൻ (18), അരുവാക്കോട് സ്വദേശി വിനോദ് (32) എന്നിവർക്കാണ് കടിയേറ്റത്.
ശനിയാഴ്ച രാത്രി ഏഴോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം. പെട്രോൾ പമ്പിൽ ജോലിയിലേർപ്പെട്ടിരിക്കുന്നതിനിടെയാണ് പുഷ്പകുമാർ ആക്രമണത്തിനിരയായത്. ഇയാളുടെ കൈക്കാണ് പരിക്ക്. സെലിനും റോഡിലൂടെ നടന്നുപോകുകയായിരുന്ന വിനോദിനും കാലിനാണ് കടിയേറ്റത്.
ഊരൂട്ടമ്പലം ജങ്ഷന് സമീപത്തെ റേഡിയോ പാർക്കിനു മുന്നിലുണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റു. സമീപത്തെ കുളത്തിൽനിന്ന് വെള്ളം കുടിച്ച് കയറിയ നായ് കരിങ്കല്ലിൽ കടിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർക്ക് സംശയമായത്.
ഷെർളിയുടെ വീട്ടിലെത്തിയാണ് നായ് സെലിനെ കടിച്ചത്. വീട്ടിലുണ്ടായിരുന്ന ആറുമാസം പ്രായമുള്ള മറ്റൊരു നായ്ക്കും പേപ്പട്ടിയുടെ കടിയേറ്റു. അതിനിടെ, ഗോവിന്ദമംഗലത്ത് അടുത്തടുത്ത വീടുകളിലെ മുപ്പതോളം കോഴികളെ ചത്തനിലയിൽ കണ്ടെത്തി.
പേപ്പട്ടിയുടെ കടിയിൽ പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, നെയ്യാറ്റിൻകര ഗവ. ആശുപത്രി, കാട്ടാക്കട ആശുപത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ തേടി. പ്രദേശത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമെന്നും കടിയേറ്റ നായ്ക്കൾ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തിയിരിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് നടപടികൾ കൈക്കൊള്ളണമെന്നും മറുകിൽ പെരുമന വാർഡ് അംഗം ബി. ഗിരീശൻ ആവശ്യപ്പെട്ടു.

