കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ
text_fieldsകഴക്കൂട്ടം: കൊലക്കേസ് പ്രതിയുടെ കാൽ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്നുപേര്‍ ശ്രീകാര്യം പൊലീസ് കസ്റ്റഡിയില്‍.
ശ്രീകാര്യത്തുനിന്നാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘത്തിലുള്ളവരുമായി സംഭവത്തിന് മുമ്പ് ഫോണിൽ ബന്ധപ്പെട്ടവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞദിവസമാണ് ആര്.എസ്.എസ് കാര്യവാഹക് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതി എബിക്ക് വെട്ടേറ്റത്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് വെട്ടിയത്. ഇടവക്കോട് പ്രതിഭാ നഗറിലായിരുന്നു സംഭവം. വീടിന് സമീപത്തെ റോഡരികത്തെ മതിലിലില്‍ സുഹൃത്തുമായി ഇരിക്കുകയായിരുന്ന എബിയെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് അടുത്ത ഒഴിഞ്ഞ പുരയിടത്തിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടർന്ന് വെട്ടുകയായിരുന്നു.
വലതുകാല്‍ പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. വെട്ടേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എബിയെ ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ യൂനിറ്റിലേക്ക് മാറ്റി.

