വീട് കുത്തിത്തുറന്ന് അഞ്ചുപവനും കാല് ലക്ഷവും മോഷ്ടിച്ചു
text_fieldsകാട്ടാക്കട: പേമാരിക്കിടെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് അഞ്ചുപവനും കാല് ലക്ഷം രൂപയും ഗ്യാസ് സിലിണ്ടറും മോഷ്ടിച്ചു. കള്ളിക്കാട് ആഴാങ്കാൽ മേലേ മഞ്ചംകോട് സ്വദേശി ശ്രീകണ്ഠന്റെ വീട്ടിലാണ് മോഷണം.
വീടിന്റെ അടുക്കള വാതിൽ കുത്തിപ്പൊളിച്ച് ഉള്ളിൽ കടന്ന് കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് പണവും സ്വർണവും മോഷ്ടിച്ചത്. ഗ്യാസ് സിലിണ്ടറും മോഷ്ടാക്കൾ കൊണ്ടുപോയി.
ശ്രീകണ്ഠന്റെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വീട്ടുകാർ ഞായറാഴ്ച ആര്യനാട് കൊക്കോട്ടേലയിൽ പോയിരിക്കുകയായിരുന്നു.
സഞ്ചയന ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് കൊണ്ടുപോയതെന്ന് പൊലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
നെയ്യാർഡാം പൊലീസിൽ പരാതി നൽകിയതനുസരിച്ച് പോലീസെത്തി തെളിവെടുത്തു.

