കള്ളനോട്ടുമായി നാലുപേർ പിടിയിൽ
text_fieldsവിതുര: വിതുരയിൽ കള്ളനോട്ടുമായി നാലംഗ സംഘം പിടിയിൽ. ഇവരിൽ നിന്ന് 500 രൂപയുടെ 81 വ്യാജ നോട്ടുകൾ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി വിതുര ബിവറേജ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങാനെത്തിയ പൊന്മുടി കുളച്ചിക്കര സ്വേദേശി സനുവിൽ നിന്നാണ് കള്ളനോട്ട് ആദ്യം പിടികൂടിയത്. ഇവിടെ നൽകിയ നാല് 500 രൂപ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പൊന്മുടി സ്വദേശിയായ തങ്കയ്യൻ എന്നയാളാണ് നോട്ട് നൽകിയതെന്ന് വെളിപ്പെടുത്തി. തുടർന്ന്, പൊന്മുടിയിലെത്തി തങ്കയ്യൻ, രമേശൻ, കുട്ടപ്പൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ വീടുകളിലടക്കം നടത്തിയ പരിശോധന നടത്തി കൂടുതൽ വ്യാജനോട്ടുകൾ കണ്ടെടുത്തു. ഇവർക്ക് തമിഴ്നാട് തൂത്തുകുടി സ്വദേശിയാണ് നോട്ടുകൾ നൽകിയത്. നെടുമങ്ങാട്, വിതുര സ്ഥലങ്ങളിൽ തണ്ണിമത്തൻ കച്ചവടം നടത്തുന്നയാളാണ് തൂത്തുക്കൂടി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു .ഇയാൾക്കായി അന്വഷണം ആരംഭിച്ചു.

