സ്വകാര്യ ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്നവർക്ക് പരിക്ക്
text_fieldsആലംകോട് ബസ് കാത്തിരിപ്പ് കേന്ദ്രം ബസിടിച്ച് തകർന്ന നിലയിൽ
ആറ്റിങ്ങല്‍: സ്വകാര്യ ബസിടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്നവർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ ആലംകോട് ജങ്ഷനിൽ കിളിമാനൂർ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് അപകടമുണ്ടായത്. പുറകിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്യാൻ പിന്നോട്ടെടുത്ത സ്വകാര്യ ബസ് തട്ടി മതിൽ തകർന്നു. സിമൻറ് ബ്ലോക്ക് കൊണ്ടുള്ള മതിൽ വീണത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മേലാണ്.
ഈ സമയം ഇവിടെ ഇരുന്ന നാല് യാത്രക്കാർക്കാണ് പരിക്കേറ്റത്. വെയിറ്റിങ് ഷെഡ് പൂർണമായും തകര്‍ന്നു. സിമന്റ് കട്ടകള്‍ ചിതറി കാലുകളില്‍ വീണാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. മുന്‍ എം.എല്‍.എ. ബി. സത്യന്റെ പ്രാദേശിക വികസനഫണ്ടുപയോഗിച്ചാണ് ഇവിടെ വെയിറ്റിങ് ഷെഡ് നിർമിച്ചിരുന്നത്.

