മംഗലപുരത്ത് സായുധരായ ഗുണ്ടാസംഘം അഴിഞ്ഞാടി
text_fieldsമംഗലപുരം: പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. പള്ളിപ്പുറം പുതുവൽ ഭാഗത്തെ നാല് വീടുകളിലാണ് ചൊവ്വാഴ്ച രാത്രി 12ഓടെ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘം ഭീഷണി മുഴക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തിൽ കത്തിവെച്ച് പണവും സ്വർണവും ചോദിച്ചായിരുന്നു ഭീഷണി. പള്ളിപ്പുറം പുതുവലിൽ മനാഫിന്റെ വീട്ടിലെത്തിയ സംഘം പൊലീസാണെന്ന് പറഞ്ഞാണ് വാതിലിൽ മുട്ടിയത്. വാതിൽ തുറന്ന മനാഫിന്റെ മാതാവ് റംലാബീവിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയ സംഘം 50,000 രൂപ ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ മനാഫിനെ കൊല്ലുമെന്ന് പറഞ്ഞു. മനാഫ് ഇല്ലെന്ന് പറഞ്ഞപ്പോൾ വീട്ടിൽ കയറി പരിശോധിച്ചാണ് അക്രമി സംഘം മടങ്ങിയത്. തുടർന്ന്, 100 മീറ്റർ അകലെയുള്ള കെ.എസ്.യു അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റ് നൗഫലിന്റെ വീട്ടിലെത്തിയ സംഘം ഭീഷണിയും തെറിവിളിയും നടത്തി. വീടിന്റെ മുൻവശത്തെ വാതിൽ ചവിട്ടിപ്പൊളിക്കാനും ശ്രമിച്ചു.
കൊലപാതകം, വധശ്രമം, കവർച്ചക്കേസുകളിൽ പ്രതിയായ പള്ളിപ്പുറം സ്വദേശി ഷാനു എന്ന ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിക്രമം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. മാസങ്ങൾക്കുമുമ്പ് പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപം വ്യാപാരിയെ മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേൽപിച്ച് 100 പവൻ സ്വർണം കവർന്ന കേസിലെ പ്രതിയാണ് ഷാനവാസ്. അക്രമണങ്ങൾ നടത്തിയ ശേഷം ഒളിവിൽ പോകുന്ന ഷാനു കോടതിയിൽ കീഴടങ്ങുകയാണ് പതിവ്. കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് ക്യാമ്പിനു സമീപം ബേക്കറി ഉടമയെ കടയിൽ കയറി കുത്തിയ കേസിൽ ജയിലിൽ നിന്നിറങ്ങിയ ഷാനവാസ് പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപിച്ചിരുന്നു. തുടർന്ന്, ഒളിവിൽ പോയ ഷാനുവിനെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. ഷാനു ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, എല്ലാ ദിവസവും ഇയാൾ പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
മംഗലപുരം സ്റ്റേഷനിലെ ചില പൊലീസുകാരുമായുള്ള ബന്ധം കാരണമാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപണമുണ്ട്. റംലാബീവിയുടെയും നൗഫലിന്റെയും പരാതിയിൽ മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.
