വീടുകയറി ആക്രമണം; രണ്ടുപേർ പിടിയിൽ
text_fieldsകൊരട്ടി: ഗൃഹനാഥനെ വീട്ടിൽക്കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മേലൂർ കുന്നപ്പള്ളി സ്വദേശികളായ നന്തിപുലത്ത് വീട്ടിൽ വിമൽ (40), കൈതടം വീട്ടിൽ പ്രവീൺ (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30 ന് മേലൂർ കുന്നപ്പള്ളി സ്വദേശി വട്ടശ്ശേരി വീട്ടിൽ സുദർശനനാണ് (61) പരിക്കേറ്റത്.
സുദർശന്റെ വീടിന്റെ ഹാളിലേക്ക് അതിക്രമിച്ച് കയറി വന്ന പ്രതികൾ ചേർന്ന് മൊബൈൽ ഫോൺ കൊണ്ട് മൂക്കിലും കണ്ണിലും ഇടിച്ചും മറ്റും ആക്രമിക്കുകയായിരുന്നു. പ്രതികൾ പരാതിക്കാരന്റെ അയൽവാസികളാണ്. ഒരു വർഷം മുമ്പ് വിമൽ പട്ടിയുമായി പരാതിക്കാരന്റെ വീട്ടിൽ വന്നപ്പോൾ വിമലിനെ ഇറക്കി വിട്ടിരുന്നു. ആ സംഭവത്തിന്റെ വൈരാഗ്യത്താലാണ് വിമൽ, പ്രവീണുമായി വന്ന് പരാതിക്കാരനെ ആക്രമിച്ചത്.
കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അമൃതരംഗൻ, എസ്.ഐ ജി.എ.എസ്.ഐ. ഷീബ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

