തൃശൂർ നഗരത്തിൽ ഗതാഗത പരിഷ്കാരം
text_fieldsതൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിലെ പുതുതായി പണിതീർത്ത പട്ടാളം റോഡിലും ജയ ബേക്കറി ജങ്ഷനിലും പോസ്റ്റ് ഓഫിസ് റോഡിലും പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുതൽ ട്രാഫിക് പരിഷ്കരണം നിലവിൽവരും.
നിലവിൽ റൗണ്ട് (വടക്ക്) ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എം.ഒ റോഡിലൂടെ ജയ ബേക്കറി ജങ്ഷൻ വഴി ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ റൂട്ടിൽ രണ്ടു ഭാഗത്തേക്കും വാഹനങ്ങൾ പോകുന്ന വിധത്തിൽ റൗണ്ട് (വടക്ക്) ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇടതുവശം (കിഴക്ക്) ചേർന്ന് ശക്തൻ സ്റ്റാൻഡിലേക്ക് പോവുകയും ശക്തൻ സ്റ്റാൻഡ് ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ ഇടതുവശം (പടിഞ്ഞാറ്) ചേർന്ന് എം.ഒ റോഡിലേക്ക് പ്രവേശിക്കുകയും ചെയ്യും.
പോസ്റ്റ് ഓഫിസ് റോഡിൽനിന്ന് ജയ ബേക്കറി ജങ്ഷനിലൂടെ ഹൈറോഡിലേക്കും ഹൈറോഡിൽനിന്ന് പോസ്റ്റ് ഓഫിസ് റോഡിലേക്കും മെയിൻ റോഡിലൂടെ ക്രോസിങ് അനുവദിക്കില്ല.
പോസ്റ്റ് ഓഫിസ് റോഡിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് എം.ഒ റോഡിലേക്ക് പ്രവേശനം അനുവദിക്കില്ല. ശക്തൻ സ്റ്റാൻഡ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് പോസ്റ്റ് ഓഫിസ് റോഡിലേക്ക് പ്രവേശിക്കാം. ഹൈറോഡ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ജയ ബേക്കറി ജങ്ഷൻ വഴി ഇടതുവശം ചേർന്ന് ശക്തൻ ഭാഗത്തേക്ക് പോകാമെന്നും സിറ്റി പൊലീസ് അറിയിച്ചു.

