പിരിച്ചുവിട്ട സുരക്ഷ ജീവനക്കാരൻ ആകാശവാണി ഡയറക്ടറുടെ ദേഹത്ത് മഷിയൊഴിച്ചു
text_fieldsതൃശൂർ: തൃശൂർ ആകാശവാണി നിലയത്തിൽ ഡയറക്ടറുടെ ദേഹത്ത് പിരിച്ചുവിടപ്പെട്ട സുരക്ഷ ജീവനക്കാരൻ മഷിയൊഴിച്ചു. ഓഫിസിൽ അതിക്രമിച്ച് കയറിയാണ് ഡയറക്ടർ പ്രദീപ് കുമാറിന് നേരെ പാമ്പൂർ കുറ്റൂർ സ്വദേശി ഗോപിനാഥ് അതിക്രമം കാണിച്ചത്.
2018 മുതൽ സ്വകാര്യ ഏജൻസി മുഖേന ഇവിടെ ജോലി ചെയ്യുന്നയാളാണ് ഗോപിനാഥ്. ഗോപിനാഥിനെ കഴിഞ്ഞവർഷം ജൂലൈ ഒന്നുമുതൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ഡയറക്ടറുടെ കാബിനിലെത്തി ഷർട്ടിൽ കുത്തിപ്പിടിക്കുകയും കൈയിൽ കരുതിയ മഷി ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. വിയ്യൂർ പൊലീസ് ഗോപിനാഥിനെ കസ്റ്റഡിയിലെടുത്തു. മുമ്പ് തൃശൂർ നിലയത്തിലെ മറ്റൊരു ഡയറക്ടർക്ക് ജീവനക്കാരെൻറ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

