വയനാടിന് കൈത്താങ്ങായി ചിത്രപ്രദര്‍ശനം
text_fieldsലളിതകല അക്കാദമിയിൽ കേരള ചിത്രകല പരിഷത്ത്സം ഘടിപ്പിച്ച ചിത്ര പ്രദർശനത്തിൽനിന്ന്
തൃശൂര്‍: പ്രകൃതി ഭംഗിയും ഗ്രാമീണ ശാലീനതയും നാട്ടിൻപുറത്തിന്റെ നിഷ്കളങ്കതയുമെല്ലാം വിളിച്ചോതുന്ന ഒരുപിടി ചിത്രങ്ങള്‍. കേരള ലളിതകല അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ എത്തിയാല്‍ ഈ കലാസൃഷ്ടികള്‍ ആസ്വദിക്കാനും സ്വന്തമാക്കാനും സാധിക്കും. കേരള ചിത്രകല പരിഷത്ത് തൃശൂര്‍ ജില്ല ഘടകത്തിലെ അംഗങ്ങളായ ചിത്രകാരന്മാരുടേതാണ് ചിത്രങ്ങള്‍.
ചിത്രകല പരിഷത്ത് സംഘടിപ്പിക്കുന്ന വാര്‍ഷിക ചിത്രപ്രദര്‍ശനം ഇക്കുറി വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ‘വയനാടിനൊരു വരത്താങ്ങ്’ എന്ന പേരില്‍ നടത്തുകയായിരുന്നു. 500 രൂപ മുതല്‍ 3500 രൂപ വരെ വിലയുള്ളതാണ് ചിത്രങ്ങള്‍. വില്പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണമായി വയനാടിനുള്ള ദുരിതാശ്വാസ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് ചിത്രകല പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറിന് പ്രദര്‍ശനം സമാപിക്കും. പ്രവേശനം സൗജന്യം.

