പുവ്വത്തൂരിൽ കുരിശുപള്ളിയുടെ ചില്ലുവാതിൽ തകർത്തു
text_fieldsപുവ്വത്തൂരിലെ ചില്ല് തകർത്ത കുരിശു പള്ളി. ഇൻസെറ്റിൽ പ്രതി രാജൻ
പാവറട്ടി: പുവ്വത്തൂർ കോലുക്ക പാലത്തിന് സമീപത്തെ കുരിശുപള്ളിയുടെ ചില്ലുവാതിൽ തല്ലിത്തകർത്തു. ഞായറാഴ്ച പുലർച്ച നാലിനാണ് സംഭവം. രണ്ട് വാതിൽപാളികളുടെയും ചില്ലുകൾ തകർന്നിട്ടുണ്ട്.
സമീപത്തെ മെഴുകുതിരി സ്റ്റാൻഡ് മറിച്ചിടുകയും അലങ്കാര പുഷ്പങ്ങൾ വലിച്ചുവാരിയിടുകയും ചെയ്തു. സംഭവത്തിൽ പാടൂർ സ്വദേശി തിയ്യൻ വീട്ടിൽ രാജനെ (48) പിടികൂടി. ഇയാൾ മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. സി.സി.ടിവി പരിശോധിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജറാക്കിയ ഇയാളെ തൃശൂരിലെ മാനസിക ആരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണ ശേഷം ഇയാൾ സമീപത്തെ എ.ടി.എമ്മിന്റെ ഗ്ലാസിന് സമീപത്തേക്ക് നടന്നടക്കുന്നതും കാമറകളിലുണ്ട്. പാവറട്ടി തീർഥാടക കേന്ദ്രത്തിലേക്ക് പോയിരുന്ന വയോധിക സംഭവം കണ്ടിരുന്നു. ഇവർ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തിൽ കാത്തലിക് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വികാരി ജോൺസൺ ഐനിക്കൽ, മന്ത്രി കെ. രാധാകൃഷ്ണൻ, മുരളി പെരുനെല്ലി എം.എൽ.എ, രാഷ്ട്രീയ നേതാക്കൾ, ജന പ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

