പ്രകോപന പോസ്റ്റ്: കൊലപാതക കേസിലെ പ്രതിയുടെ പരോൾ റദ്ദാക്കി ജയിലിലടച്ചു
text_fieldsപാവറട്ടി: സമൂഹ മാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതിനെ തുടർന്ന് പരോളിലിറങ്ങിയ കൊലപാതക കേസിലെ പ്രതിയുടെ പരോൾ റദ്ദാക്കി ജയിലിലടച്ചു. സി.പി.എം പ്രവർത്തകൻ തിരുനെല്ലൂർ മതിലകത്ത് വീട്ടിൽ ശിഹാബുദ്ദീനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ശിക്ഷയനുഭവിക്കുന്ന പുവ്വത്തൂർ പാട്ടാളി വീട്ടിൽ നവീനെയാണ് (25) പരോൾ റദ്ദ് ചെയ്ത് തിരിച്ച് ജയിലേക്കയച്ചത്.
സമൂഹ മാധ്യമങ്ങളിൽ ജനജീവിതത്തിന് ഭംഗം വരുത്തുന്ന പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടതിനാലാണ് നടപടി. പാവറട്ടി എസ്.എച്ച്.ഒ എം.കെ. രമേഷ് കേസെടുക്കുകയും മൊബൈൽ ഫോൺ കണ്ടുകെട്ടി കോടതിയിൽ ഹാജരാക്കുകയും പരോൾ റദ്ദ് ചെയ്യാൻ കമീഷണർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടി. കോവിഡ് സാഹചര്യത്തിൽ അനുവദിച്ച പ്രേത്യക പരോളിലാണ് നവീൻ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോളിലിറങ്ങിയിരുന്നത്.

