ട്രെയിനിൽ മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ
text_fieldsതൃശൂർ: ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച ആന്ധ്രപ്രദേശ് സ്വദേശിയെ തൃശൂർ റെയിൽവേ പൊലീസ് പിടികൂടി. ചിറ്റൂർ ഗംഗാധരനെല്ലൂർ താമസിക്കുന്ന യുഗാന്ധർ (39) ആണ് അറസ്റ്റിലായത്. പുണെ-കന്യാകുമാരി എക്സ്പ്രസിലായിരുന്നു മോഷണം.
എസ് അഞ്ച് കോച്ചിൽ സംശയകര സാഹചര്യത്തിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത പ്രതിയോട് കൈവശമുണ്ടായിരുന്ന ഫോണിന്റെ ലോക്ക് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല.
തുടർന്ന് ട്രെയിൻ തൃശൂരിലെത്തിയപ്പോൾ പ്രതിയെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ അതേ ട്രെയിനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ചത്. സി.പി.ഒമാരായ പ്രശാന്ത്, സുശാന്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

