മിനി ലോറി ആർ.സി ബുക്കിൽ ഹെവി വെഹിക്കിളായി; പരാതിക്കാരന് പുതിയ വാഹനംകൊടുക്കാൻ ഉത്തരവിട്ട് കോടതി
text_fieldsതൃശൂർ: വിൽപനക്കാരെൻറ സേവനത്തിൽ ന്യൂനത ആരോപിച്ച് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല ഉത്തരവ്. കോട്ടപ്പടി ചാക്കാടിവീട്ടിൽ കെ. ഹരിദാസൻ ഫയൽ ചെയ്ത ഹരജിയിലാണ് കൊച്ചി ഇടപ്പള്ളിയിലെ ഫോക്കസ് മോട്ടോഴ്സ് എം.ഡിക്കെതിരെ തൃശൂർ ഉപഭോക്തൃ തർക്ക പരിഹാര കമീഷെൻറ ഉത്തരവ്.
ഹരിദാസൻ 12,41,166 രൂപ നൽകി മിനി ലോറി വാങ്ങിയിരുന്നു. ടാറ്റ മോട്ടോഴ്സ് ഫിനാൻസ് ലിമിറ്റഡ് വാഹനം വാങ്ങാൻ ഫണ്ട് അനുവദിച്ചിരുന്നു. മിനി ഗുഡ്സ് വിഭാഗത്തിൽപ്പെട്ട വാഹനമാണ് വാങ്ങിയത്. എന്നാൽ, ആർ.സി ബുക്കിൽ രേഖപ്പെടുത്തിയത് ഹെവി ഗുഡ്സ് വെഹിക്ക്ൾ എന്നാണ്. ഈ സാഹചര്യത്തിൽ വാഹനത്തിന് ടെസ്റ്റ് നടത്താനും ഉപയോഗിക്കാനും കഴിഞ്ഞില്ല.
ആർ.സി ബുക്കിലെ തെറ്റായ പരാമർശം ഒഴിവാക്കാൻ ആർ.ടി.ഒ അധികൃതരെ ബന്ധപ്പെട്ടപ്പോൾ രേഖ ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, സ്ഥാപനം അതിന് മൂന്ന് മാസമാണ് എടുത്തത്. റീഫിനാൻസ് ഏർപ്പാടാക്കാമെന്നും വാഹനം പെയിൻറ് ചെയ്യാമെന്നും അഖിലേന്ത്യ പെർമിറ്റ് എടുത്ത് തരാമെന്നും പറഞ്ഞ് കൊണ്ടുപോയ വാഹനം തിരിച്ചുകിട്ടിയതുമില്ല. ഇതോടെയാണ് ഹരജി ഫയൽ ചെയ്തത്. തെളിവുകൾ പരിഗണിച്ച കമീഷൻ പ്രസിഡൻറ് സി.ടി. ബാബു, അംഗങ്ങളായ ഡോ. കെ. രാധാകൃഷ്ണൻ നായർ, എസ്. ശ്രീജ എന്നിവർ ഹരിദാസന് പുതിയ മിനി ലോറി നൽകാൻ ഉത്തരവിടുകയായിരുന്നു. വാഹനത്തിന് ഫണ്ട് നൽകിയ കമ്പനിക്ക് ഇതുമൂലം സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ ഫോക്കസ് മോട്ടോഴ്സിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

