പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട: പിക്അപ് വാനിൽ കടത്തിയ 1750 ലിറ്റർ പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
text_fieldsആമ്പല്ലൂർ: പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട്ടിൽനിന്ന് പിക്അപ് വാനിൽ കടത്തിയ 1750 ലിറ്റർ സ്പിരിറ്റ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, തമിഴ്നാട് സ്വദേശി കറുപ്പസാമി എന്നിവരെ അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്കാണ് സ്പിരിറ്റ് കടത്തിയതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. 35 ലിറ്ററിന്റെ 50 കന്നാസുകളിലായാണ് കൊണ്ടു പോയിരുന്നത്. കന്നാസുകൾക്കുമുകളിൽ തേങ്ങ കൊണ്ട് മൂടിയിരുന്നു.
വ്യാജമദ്യം നിർമിക്കാനാണ് കൊണ്ടുപോകുന്നതെന്നും എവിടെ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നതുമുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായി തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഷാനവാസ് പറഞ്ഞു. പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസി. എക്സൈസ് കമീഷണർ ടി. അനികുമാർ, സ്ക്വാഡ് അംഗങ്ങളായ സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, എസ്. മധുസൂദനൻ നായർ, കെ.വി. വിനോദ്, ആർ.ജി. രാജേഷ്, പ്രിവൻറ്റീവ് ഓഫിസർ എസ്.ജി. സുനിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, മുഹമ്മദലി, ബസന്ത്കുമാർ, രജിത്ത് ആർ.നായർ, സുബിൻ, വിശാഖ്, ടോമി എക്സൈസ് ഡ്രൈവർമാരായ രാജീവ്, വിനോദ് ഖാൻ സേട്ട് എന്നിവർ സംബന്ധിച്ചു.

