സവർണ സംവരണത്തിനെതിരെ ബാനർ ഉയർത്തിയവർക്ക് മർദനം
text_fieldsസവർണ സംവരണത്തിനെതിരെ മുദ്രാവാക്യം വിളിക്കുന്ന വിപിൻദാസും പ്രശാന്തും
കൊടുങ്ങല്ലൂർ: നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിന് മുന്നിൽ സവർണ സംവരണത്തിനെതിരായ കറുത്ത ബാനർ ഉയർത്തി പ്രതിഷേധിച്ച ശ്രീനാരായണ ദർശനവേദി പ്രവർത്തകരെ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ മർദിച്ചു. പി. വെമ്പല്ലൂർ സ്വദേശി എം.ആർ. വിപിൻദാസ്, മേത്തല എൽത്തുരുത്ത് സ്വദേശി എം.പി. പ്രശാന്ത് എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ പി. വെമ്പല്ലൂർ അസ്മാബി കോളജിന് മുന്നിലാണ് സംഭവം.
മുഖ്യമന്ത്രിയുടെ ബസ് മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ‘സവർണ സംവരണം പിൻവലിക്കുക’ എന്നെഴുതിയ കറുത്ത ബാനർ ഉയർത്തിയത്. പൊലീസ് ഉടനെ രണ്ട് പേരെയും പിടികൂടി. ഇതിനിടയിലും ഇവർ മുദ്രാവാക്യം വിളി തുടർന്നു. ഇതോടെ സംഘടിച്ചെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇവരെ മർദിക്കുകയായിരുന്നു. പൊലീസ് ഇരുവരെയും കോളജ് ഗെയ്റ്റിനകത്താക്കി. പിന്നീടാണ് ആശുപത്രിയിലെത്തിച്ചത്.

