മകെൻറ ക്രൂരതയിൽ വൃദ്ധദമ്പതികളുടെ ദാരുണാന്ത്യം; നടുങ്ങി അവിണിശേരി
text_fieldsതൃശൂർ: വൃദ്ധദമ്പതികളുടെ കൊലപാതകത്തിെൻറ നടുക്കത്തിലാണ് അവിണിശേരി ഗ്രാമം. മദ്യപാനിയായ മകെൻറ ക്രൂരതയിൽ നഷ്ടമായത് രണ്ടുജീവനാണ്. കൂലിപ്പണിക്കാരനായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മാതാപിതാക്കളെയും ഭാര്യയെയും മർദിക്കുകയും പതിവാണ്. പ്രദീപിെൻറ ശല്യം സഹിക്കാതെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം അവരുടെ വീട്ടിലേക്ക് പോയിരുന്നു. പ്രതികരിക്കുന്ന നാട്ടുകാർക്കെതിരെയും പലപ്പോഴും ഇയാൾ തിരിഞ്ഞിരുന്നു.
തിങ്കളാഴ്ച രാത്രി അമിതമായി മദ്യപിച്ച ഇയാൾ സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ കലഹിക്കുകയായിരുന്നു. മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ ഇയാൾ ഇരുവരെയും തലക്കും ശരീരത്തിലും തുടർച്ചയായി അടിച്ചു. തിങ്കളാഴ്ച ആനക്കല്ലിലെ ബാർ പരിസരത്ത് നാട്ടുകാരനുമായും ഇയാൾ വഴക്ക് ഉണ്ടാക്കിയിരുന്നു. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ നേരെ ബാറിന് മുന്നിലെത്തി വഴിയിലൂടെ പോകുന്നവരെ അസഭ്യം പറഞ്ഞിരുന്നതായും നാട്ടുകാർ പറഞ്ഞു. ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

