Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പോട്ട ആശ്രമം കവലയിലെ അടിപ്പാത നിർമാണം ഉടൻ ആരംഭിക്കണം’ സൗഹൃദം ചാരിറ്റബിൾ സൊസൈറ്റി സായാഹ്ന ധർണ നടത്തി

text_fields
bookmark_border
‘പോട്ട ആശ്രമം കവലയിലെ അടിപ്പാത നിർമാണം ഉടൻ ആരംഭിക്കണം’ സൗഹൃദം ചാരിറ്റബിൾ സൊസൈറ്റി സായാഹ്ന ധർണ നടത്തി
cancel
camera_alt

പോട്ട ആശ്രമം കവലയിൽ അടിപ്പാത നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് സൗഹൃദം ചാരിറ്റബിൾ സൊസൈറ്റി നടത്തിയ സായാഹ്ന ധർണ 

ചാലക്കുടി: നാൾക്കുനാൾ അപകടം പെരുകുന്ന സാഹചര്യത്തിൽ പോട്ട ആശ്രമം ജങ്ഷനിൽ അനുവദിച്ച അടിപ്പാതയുടെ നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യം ശക്തം. സമീപകാലത്ത് ഇവിടത്തെ ക്രോസിങ് പൂട്ടിയതോടെ ആശ്രമം കവല ചോരക്കളമായി മാറിയിരിക്കുകയാണ്. റോഡ് മുറിച്ചുകടക്കുമ്പോൾ നിരവധി പേർ അപകടത്തിൽ പെടുകയും പലരും മരിക്കുകയും ചെയ്യുന്ന സംഭവം ആവർത്തിക്കുകയാണ്. ഏതാനും ദിവസം മുമ്പും ഒരു വ്യക്തി വാഹനമിടിച്ച് മരിച്ചിരുന്നു.

ചാലക്കുടി നോർത്ത് ഭാഗത്തു നിന്ന് ദേശീയപാത മുറിച്ച് മറുവശത്തെ പറമ്പി റോഡിലേക്കും തിരിച്ചും കടന്നുപോകുന്ന ഭാഗമാണ് ആശ്രമം കവല. നഗരസഭയിലെ പോട്ട ആശ്രമം, വി.ആർ.പുരം, ശാസ്താംകുന്ന്, ഉറുമ്പൻകുന്ന്, ആളൂർ പഞ്ചായത്തിലെ വെള്ളാഞ്ചിറ, കാരൂർ, കൊമ്പൊടിഞ്ഞാമാക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ പണ്ട് കാലം മുതൽ ധാരാളമായി ചാലക്കുടി ജങ്ഷനിലേക്ക് വരുന്ന റോഡാണിത്. ഈ ഭാഗത്ത് നിന്ന് ധാരാളം പേർ ചാലക്കുടിയിലേക്ക് വരുന്നതും ദേശീയപാതയുടെ വികസനം വന്നതോടെ റോഡിൽ വാഹനത്തിരക്കേറിയതും അപകടങ്ങൾക്ക് കാരണമായി.

അതോടെ ഇവിടെ സിഗ്നൽ സ്ഥാപിച്ചു. എന്നാൽ, ദേശീയപാതയിൽ വാഹനങ്ങൾ കാത്തു നിൽക്കുന്നതുമൂലം ഗുരുതരമായ കാലതാമസം വരുന്നതായും അപകടം വർധിക്കുന്നതായും കാരണം പറഞ്ഞ് സമീപകാലത്ത് ഇവിടെ റോഡിന് നടുവിൽ ഡിവൈഡർ നിർമിച്ച് ക്രോസിങ്ങ് നിരോധിച്ചു. സിഗ്നൽ ഇല്ലാതായതോടെ ഇവിടെ വാഹനങ്ങൾ അതിവേഗം പായുകയാണ്. എന്നാൽ, വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിഞ്ഞില്ലെങ്കിലും ബസിറങ്ങി വരുന്ന യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.

ജനങ്ങളുടെ പ്രതിഷേധം ഉയർന്നതോടെ ഇവിടെ അടിപ്പാത നിർമിക്കാമെന്ന് അധികാരികൾ അറിയിച്ചിരുന്നു. എത്രയും വേഗം അടിപ്പാത നിർമിക്കണമെന്നും ഇനിയൊരു അപകടമരണം പോട്ട ആശ്രമം ജങ്ഷനിൽ ഉണ്ടാവരുതെന്നും ആവശ്യപ്പെട്ട് പോട്ട സൗഹൃദം ചാരിറ്റബിൾ സൊസൈറ്റി നടത്തിയ സായാഹ്ന ധർണയിൽ പ്രതിഷേധം ഇരമ്പി. പ്രസിഡന്റ്‌ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. ബേബി ഡേവിസ്, ജോയ് പൈനാടത്ത് തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dharna Demands Immediate Potta Underpass Work
Next Story