കുറി നിർത്തിയിട്ടും തുക നൽകിയില്ല; കുറിക്കമ്പനി 75,000 രൂപ നൽകാൻ വിധി
text_fieldsതൃശൂർ: കുറികൾ തുടങ്ങി പിന്നീട് നിർത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹരജിയിൽ പരാതിക്കാരന് അനുകൂല വിധി. രാമവർമപുരം നിലയാറ്റിങ്കൽ ലിഡോ ഡേവിസ് ഫയൽ ചെയ്ത ഹരജിയിലാണ് കൂർക്കഞ്ചേരിയിലെ പൊൻപണം ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയും മാനേജിങ് ഡയറക്ടറായ കെ.വി. പ്രസാദിനെരെയും ഉപഭോക്തൃകോടതി വിധിയായത്. ലിഡോ രണ്ട് കുറികളിലായി 30,000 രൂപ വീതം അടച്ചിരുന്നു. തുടർന്ന് കമ്പനി കുറി നടത്തിയില്ല. സംഖ്യ തിരിച്ച് നൽകിയതുമില്ല. പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ എസ്. ശ്രീജ, ആർ. റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി ഇരു കുറികളിലുമായി 60,000 രൂപയും 2021 ഫെബ്രുവരി 10 മുതൽ എട്ടു ശതമാനം പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹരജിക്കാരനുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

