നാടിനെ അഞ്ചരമണിക്കൂർ മുൾമുനയിൽ നിർത്തി പതിനൊന്നുകാരൻ
text_fieldsചെറുതുരുത്തി: നാട്ടുകാരെയും പൊലീസിനെയും ഫയർ ഫോഴ്സിനെയും അഞ്ചര മണിക്കൂർ മുൾമുനയിൽ നിർത്തി പതിനൊന്നുകാരൻ. പൈങ്കുളം വാഴാലിക്കാവ് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പതിനൊന്നുകാരനെയാണ് ബുധനാഴ്ച വൈകീട്ട് അഞ്ച് മുതൽ കാണാതായത്.
വൈകീട്ട് നാലോടെ കുട്ടിയുമായി വീട്ടുകാർ വഴക്ക് കൂടുകയും ഇതേതുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നു ബാലൻ. അഞ്ച് മണി കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടി ഭാരതപ്പുഴയിലേ വാഴാലിപ്പാടം ഉരുക്കുതടയണയുടെ ഭാഗത്തേക്ക് നടന്നുപോകുന്നതായി നാട്ടുകാർ കണ്ടതായി പറഞ്ഞു. തുടർന്ന് നാട്ടുകാർ പുഴയിലും തടയണയിലും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.
കുട്ടിയുടെ ഫോട്ടോയും പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പറുംവെച്ച് സമൂഹമാധ്യമങ്ങളിൽ സന്ദേശമയച്ചു. ചെറുതുരുത്തി പൊലീസും നാട്ടുകാരും ഫയർ സർവിസിെൻറ നേതൃത്വത്തിൽ രാത്രിയിലും ഭാരതപ്പുഴയിൽ കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുകയായിരിന്നു. ഇതിനിടെ രാത്രി 10 കഴിഞ്ഞപ്പോൾ കുട്ടി വെട്ടിക്കാട്ടിരിയിലെ ബന്ധുവീട്ടിൽ എത്തുകയായിരുന്നു.

