പോട്ടയിൽ തണ്ണീർത്തടം നികത്താനുള്ള ശ്രമം തടഞ്ഞു
text_fieldsപോട്ടയിൽ അനധികൃത നിർമാണം നടക്കുന്ന സ്ഥലം
ചാലക്കുടി: നഗരസഭ വാർഡിൽ പോട്ട സെന്‍ററില്‍ ധന്യ ആശുപത്രിക്ക് സമീപം തണ്ണീർത്തടം നികത്തി നിർമാണ പ്രവർത്തനം നടത്താനുള്ള ശ്രമം തടഞ്ഞു.
അടിസ്ഥാന നികുതി രജിസ്റ്ററിൽ നിലമായി കിടക്കുന്ന ഭൂമിയില്‍ നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തിലാണ് അനധികൃത നിര്‍മാണമെന്നാണ് ആരോപണം. സി.പി.ഐ പ്രാദേശിക നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് നഗരസഭാധികൃതർ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചത്.
നഗരസഭയില്‍നിന്ന് ഒരുവിധ അനുമതിയും വാങ്ങാതെയുള്ള നിര്‍മാണം സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി പി.എം. രാജന്‍, ടി.എം. സുബ്രന്‍, പോട്ടയിലെ ഓട്ടോറിക്ഷ തൊഴിലാളികളായ ടി.സി. ശശീന്ദ്രന്‍, സി.വി. ബാബു എന്നിവര്‍ ചേർന്നാണ് ആദ്യം തടഞ്ഞത്. ചാലക്കുടി നഗരസഭ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നഗരസഭ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നല്‍കുകയും ചെയ്തു.
എന്നാൽ, നഗരസഭ നല്‍കിയ സ്റ്റോപ് മെമ്മോ അവഗണിച്ച് വീണ്ടും കൗണ്‍സിലറുടെ നേതൃത്വത്തില്‍ നിര്‍മാണം പുനരാരംഭിച്ചു.
ഇതേതുടർന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍ നഗരസഭ സെക്രട്ടറിയേയും മുനിസിപ്പല്‍ എൻജിനീയറേയും നേരില്‍ക്കണ്ട് വിവരം ധരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭാധികൃതർ നിർമാണ പ്രവർത്തനം നിർത്തിവെപ്പിച്ചത്.

