മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായത് അന്വേഷിക്കണം
text_fieldsപത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിയതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. ജില്ല മെഡിക്കൽ ഓഫിസർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഒരാഴ്ച മുമ്പാണ് ലിഫ്റ്റ് തകരാറിലായത്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ റാംപ് സൗകര്യവുമില്ല. തടിയിൽ കോർത്ത് കെട്ടിയ തുണിയിൽ കിടത്തിയാണ് രോഗികളെ താഴെയെത്തിക്കുന്നത്. മൂന്നാം നിലയിലുള്ള ഓപ്പറേഷൻ തിയേറ്ററിലേക്ക് രോഗികളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ഇങ്ങനെയാണെന്നാണ് പരാതി. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

