തേക്കിനെക്കൊണ്ട് തോറ്റു: 2.70 ലക്ഷത്തിന് ലേലം വിളിച്ച തേക്ക് മുറിച്ചപ്പോൾ അകം പൊള്ള
text_fieldsപന്തളം നഗരസഭക്ക് മുന്നിൽ ഉപേക്ഷിച്ച തേക്ക്
പന്തളം: പന്തളം നഗരസഭ ഓഫിസിനരികിൽനിന്ന് തേക്ക് ലേലത്തിലെടുത്ത് മുറിച്ചുമാറ്റിയപ്പോൾ കേടായെന്ന് കണ്ടതിനെത്തുടർന്ന് നഗരസഭക്കുമുന്നിൽ ഉപേക്ഷിച്ചു. നഗരസഭ കെട്ടിടത്തിന് വേരിറങ്ങി ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് തേക്കുമരം ലേലത്തിന് വെച്ചത്. വനംവകുപ്പിന്റെ നിർദേശപ്രകാരം 2.70 ലക്ഷം രൂപ ലേലത്തുക കെട്ടിവെച്ച് അടൂർ തുവയൂർ സ്വദേശി രാജുവാണ് ഏറ്റെടുത്തത്.
ഞായറാഴ്ച രാവിലെ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയെങ്കിലും ഉൾഭാഗം പൂർണമായും ഉപയോഗശൂന്യമായിരുന്നു. തുടർന്ന് മരം നഗരസഭക്ക് മുന്നിൽ ഉപേക്ഷിച്ചു. കെട്ടിവെച്ച ലേലത്തുകയും ചെലവായ തുകയും തിരികെനൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.

